ജി.എസ്.എൽ.വി-എഫ്17 (GSLV-F17) റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആർ.ഒയുടെ ആദ്യ ജിയോസിൻക്രണസ് ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതോടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾ പുതിയ ഉണർവിൽ. ഈ സാമ്പത്തിക വർഷത്തെ ഐ.എസ്.ആർ.ഒയുടെ ആദ്യ വിജയകരമായ ദൗത്യമാണിത്. ഈ വിജയത്തിന്റെ ആവേശത്തിൽ, എൻ.വി.എസ്-03 നാവിഗേഷൻ ഉപഗ്രഹമടക്കം ആറ് പുതിയ വിക്ഷേപണങ്ങൾ കൂടി നിലവിലുള്ള സാമ്പത്തിക വർഷത്തിൽ നടത്താനാണ് ബഹിരാകാശ ഏജൻസി ലക്ഷ്യമിടുന്നത്.

ഐ.എസ്.ആർ.ഒയുടെ വരാനിരിക്കുന്ന ദൗത്യങ്ങളിൽ ഏറ്റവും നിർണായകമായത് രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാൻ’ ആണ്. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യം (G1) 2026 അവസാനത്തോടെ തന്നെ നടപ്പിലാക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്നോടിയായി, ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും കർശനമായി പരിശോധിക്കുന്നതിനാണ് ഈ ആളില്ലാ പേടകം ഉപയോഗിക്കുന്നത്.
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി നിരവധി പരീക്ഷണങ്ങളാണ് ഐ.എസ്.ആർ.ഒ ഇതിനോടകം പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പേടകത്തിന്റെ പാരച്യൂട്ട് സംവിധാനങ്ങളും ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റുകളും വിജയകരമായി നടത്തിക്കഴിഞ്ഞു. മനുഷ്യനെ ബഹിരാകാശത്തേക്ക് സുരക്ഷിതമായി അയക്കാനും തിരികെ എത്തിക്കാനുമുള്ള മൂന്ന് ആളില്ലാ ദൗത്യങ്ങളുടെ (ജി1, ജി2, ജി3) വിജയത്തിന് ശേഷമാകും യഥാർത്ഥ മനുഷ്യ ദൗത്യത്തിലേക്ക് ഐ.എസ്.ആർ.ഒ കടക്കുക.