മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ശ്രീലങ്കയിലേക്ക് തിരിക്കുന്നു. സമുദ്ര സുരക്ഷ, പ്രതിരോധ പങ്കാളിത്തം തുടങ്ങിയ പരസ്പര നേട്ടങ്ങളുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത സൗഹൃദം ശക്തമാക്കാൻ ഈ സന്ദർശം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 1988ൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്ന കെ.സി. പന്ത് നടത്തിയ യാത്രയ്ക്ക് ശേഷം, ഔദ്യോഗിക പ്രതിരോധ ചർച്ചകൾക്കായി ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ശ്രീലങ്കയിലെത്തുന്നത് 38 വർഷത്തിന് ശേഷമാണ്. സന്ദർശന വേളയിൽ രാജ്നാഥ് സിംഗ് ശ്രീലങ്കൻ നേതൃത്വവുമായി നിർണായക ചർച്ചകൾ നടത്തുകയും കൊളംബോയിലെ പ്രവാസി ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.

പ്രാദേശിക സുരക്ഷ, പ്രതിരോധം, സാമ്പത്തിക-വ്യാപാര സഹകരണം എന്നിവയിൽ അധിഷ്ഠിതമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം. ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും 2025-ലെ ‘ദിത്വ’ ചുഴലിക്കാറ്റ് ദുരന്തവേളയിലും ഇന്ത്യ നൽകിയ സഹായങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വലിയ ഉണർവ് നൽകിയിരുന്നു. ഇന്ത്യയുടെ നെയ്ബർഹുഡ് ഫസ്റ്റ് നയത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മഹാസാഗർ’ (MAHASAGAR) കാഴ്ചപ്പാടിനും പൂർണ്ണ പിന്തുണയേകുന്നതാണ് രാജ്നാഥ് സിംഗിന്റെ ഈ സുപ്രധാന സന്ദർശം.
Defence Minister Rajnath Singh visits Sri Lanka for a 3-day official trip, marking the first bilateral defense-level visit by an Indian Defence Minister in 38 years
