ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റെയർ എർത്ത് മാഗ്നറ്റുകൾ, ബാറ്ററി സെല്ലുകൾ, സോളാർ സാങ്കേതികവിദ്യ, എച്ച്.വി.ഡി.സി (HVDC) ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങൾ നീക്കാൻ ചൈനയ്ക്കുമേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തിയേക്കുമെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 12 മുതൽ 13 വരെ നടക്കുന്ന ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹന നിർമ്മാണത്തിന് നിർണായകമായ മാഗ്നറ്റുകൾ, സോളാർ ഇൻഗോട്ടുകൾ, വാഫറുകൾ എന്നിവയുടെ ചൈനീസ് കയറ്റുമതി തടസ്സങ്ങൾ ഒഴിവാക്കാൻ ഇന്ത്യ ഉഭയകക്ഷി ചർച്ചകളിൽ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വ്യവസായ സംഘടനകളുമായി നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. 2020ലെ അതിർത്തി സംഘർഷങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കപ്പെടുന്ന പശ്ചാത്തലത്തിനാണ് ഇതിന് പ്രാധാന്യമേറുന്നത്. രാജ്യത്തെ നവീകര ഊർജ പദ്ധതികളുടെയും വാഹന നിർമ്മാണത്തിന്റെയും സുഗമമായ മുന്നേറ്റത്തിന് ഈ സാങ്കേതികവിദ്യകൾ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് നിക്ഷേപങ്ങളിലും ഇറക്കുമതിയിലും ഇന്ത്യ ഇതിനോടകം ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.
India plans to press China at the BRICS Summit in New Delhi to lift high-tech export restrictions on rare-earth magnets, battery cells, and solar technology
