ഇന്‍സ്റ്റാഗ്രാമും ഫെയ്സുബുക്കും തുറന്നാല്‍ ഇപ്പോൾ എല്ലാവരും 80കളിലെ സുന്ദരികളും സുന്ദരന്മാരുമാണ്. എവിടെയും 80കളുടെ ഫുള്‍ എ ഐ വൈബ്. 80കളിലെ ഫാഷനിലും ഹെയര്‍സ്റ്റൈലിലും വിന്റജ് കാറുകളുടെയും ബുള്ളറ്റിന്റെയുമൊക്കെ അടുത്ത് നില്ക്കുന്ന ഫോട്ടോകളാണ് എങ്ങും. ലോകത്തിന്റെ ഏതോ കോണില്‍ നിന്നും, ഏതോ കമ്പനി വക പൊട്ടിപ്പുറപ്പെട്ട ഈ ട്രെന്ഡിനോടപ്പം മലയാളികള്‍ ഒരു മുഴം മുമ്പേ നടക്കുന്നു. പക്ഷെ ഒരു വലിയ എ ഐ ചതിക്കുഴി ഇതിനു പിന്നിലൊളിഞ്ഞിരിപ്പുണ്ടോ എന്ന് സംശയം ഉയരുന്നു. നിങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ നിങ്ങളുടെ ചിത്രങ്ങളും മറ്റു ഡാറ്റയും എ ഐ പ്ലാറ്റഫോമിൽ ഏതോ അജ്ഞാതര്‍ക്ക് സൗജന്യമായി കൈമാറുകയാണ് . പിനീട് നിങ്ങൾക്കത് വിനയായി മാറുമോ? അതിനും സാധ്യത തള്ളിക്കളയാനാകില്ല.

ഒരു കാര്യം ഓര്‍ക്കണം. ഡിജിറ്റല്‍ ലോകത്ത് ഒരു ഉല്‍പ്പന്നമോ സേവനമോ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കില്‍, അവിടെ യഥാര്‍ത്ഥ ഉല്‍പ്പന്നം നമ്മളും നമ്മുടെ സ്വകാര്യ വിവരങ്ങളുമാണ്.
ഉപയോക്താക്കള്‍ എഐ ടൂളുകളിലേക്ക് അപ്ലോഡ് ചെയ്യുന്ന മുഖത്തിന്റെ ചിത്രങ്ങളില്‍ നിന്ന് കമ്പനികള്‍ കൃത്യമായ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ ഭാവിയില്‍ പുതിയ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കപ്പെടാം. നമ്മള് നല്കുന്ന ഹൈ-റെസല്യൂഷന്‍ ഫോട്ടോകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ക്ക് വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിക്കാനും, ഡീപ്ഫേക്ക് വീഡിയോകളും ചിത്രങ്ങളും തയാറാക്കി സാമ്പത്തിക തട്ടിപ്പുകള്‍ നടത്താനും എളുപ്പത്തില്‍ സാധിക്കും. നിങ്ങളുടെ വ്യക്തിഗത ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ആ ചിത്രങ്ങള്‍ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, അതോ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്ന കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ഇന്നും യാതൊരു വ്യക്തതയുമില്ല.
അതുപോലെ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാറ്റ അനലിറ്റിക്സ് കമ്പനികള്‍ക്കോ പരസ്യ ഏജന്‍സികള്‍ക്കോ ഇത്തരം വിവരങ്ങള്‍ വില്‍ക്കപ്പെട്ടേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മുഖം മാത്രം പങ്കുവെക്കുന്നതിലല്ല, സ്വകാര്യതയുടെ മറ്റ് വശങ്ങളിലും നമ്മള് ജാഗ്രത പാലിക്കണം. നാം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്. വ്യക്തിഗത വിവരങ്ങള്‍, വിലാസങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ അടങ്ങിയ ചിത്രങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. നമ്മള് അപ്ലോഡ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റോ മറ്റ് വ്യക്തിഗത അടയാളങ്ങളോ ഉണ്ടെങ്കില്‍ അത് വലിയ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം. ഇത് നമ്മളെ വ്യക്തിപരമായി തിരിച്ചറിയാന്‍ സഹായിക്കുന്ന എല്ലാ വിവരങ്ങളും അപരിചിതര്‍ക്ക് മുന്നിലേക്ക് തുറന്നുകൊടുക്കുന്നതിന് തുല്യമാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഒരിക്കലും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നല്ല ഇത് അര്‍ത്ഥമാക്കുന്നത്, മറിച്ച് ആവശ്യമായ ‘ഡിജിറ്റല്‍ സാക്ഷരരാകുക’ എന്ന ഓര്‍മപ്പെടുത്തലാണ്. ഭാവിയില്‍ മറ്റുള്ളവര്‍ കാണാന്‍ ഇഷ്ടപ്പെടാത്തതോ സ്വകാര്യമായി സൂക്ഷിക്കേണ്ടതോ ആയ ചിത്രങ്ങള്‍ എ.ഐ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുമ്പോള്‍ ഒരല്‍പ്പം കൂടി ശ്രദ്ധപുലര്‍ത്തുക എന്ന മുന്നറിയിപ്പ് മാത്രമാണിത്. ട്രെന്‍ഡുകള്‍ക്കു പിന്നാലെ പോയ്ക്കോളൂ. പക്ഷേ നമ്മുടെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നു മാത്രം.
ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ മെറ്റാഡാറ്റ (Metadata) ഉള്‍പ്പെടെയുള്ളവ ഓഫ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. നമ്മള് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെയോ എ.ഐ പ്ലാറ്റ്ഫോമുകളുടെയോ സ്വകാര്യതാനയങ്ങള്‍ Privacy Policies എന്താണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. നമ്മുടെ ഡാറ്റ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനുള്ള സെറ്റിങ്സ് ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തനക്ഷമമാക്കാം.
സുരക്ഷാ പ്രശ്നങ്ങള്‍ക്കപ്പുറം മറ്റ് ചില വെല്ലുവിളികളും ഈ എഐ ട്രെന്‍ഡ് ഉയര്‍ത്തുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എപ്പോഴും നിര്‍മ്മിക്കുന്നത് സോ-കോള്‍ഡ് ‘പെര്‍ഫക്ട്’ ചിത്രങ്ങളായിരിക്കും. പ്രോംപ്റ്റുകള്‍ വഴി പുറത്തുവരുന്ന ഇത്തരം അതിമനോഹരമായ ചിത്രങ്ങള്‍ ഉപയോക്താക്കളില്‍ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങള്‍ വളര്‍ത്താന്‍ സാധ്യതയുണ്ട്. അതായതു സുന്ദരികളും സുന്ദരന്മാരും അതി സുന്ദരന്മാരായി എ ഐ മാറ്റും. യഥാര്‍ത്ഥ ജീവിതത്തിലെ സ്വന്തം രൂപവുമായി എഐ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത് ആളുകളില്‍, പ്രത്യേകിച്ച് യുവതലമുറയില്‍ ആത്മവിശ്വാസക്കുറവിനും മാനസിക ബുദ്ധിമുട്ടുകള്‍ക്കും കാരണമായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
While the 80s AI photo trend sweeps social media, experts warn of potential privacy risks, biometric data misuse, deepfakes, and mental health impacts.