ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉഭയകക്ഷി സഹകരണം വിലയിരുയതിനു പിന്നാലെ, ഇന്ത്യക്ക് പുതിയ ആണവ സാങ്കേതികവിദ്യകളും വിപുലമായ പദ്ധതികളും വാഗ്ദാനം ചെയ്ത് റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ‘റോസാറ്റം’ (Rosatom). 2047ഓടെ 100 ഗിഗാവാട്ട് ആണവോർജ്ജോൽപ്പാദനം ലക്ഷ്യമിടുന്ന ഇന്ത്യയുടെ പദ്ധതികൾക്ക് പിന്തുണയേകാൻ വൻകിട പവർ യൂണിറ്റുകൾ മുതൽ സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMRs), വി.വി.ഇ.ആർ-1200 സാങ്കേതികവിദ്യ എന്നിവ നൽകാൻ തയ്യാറാണെന്ന് റോസാറ്റം കോർപ്പറേറ്റ് ഡെവലപ്മെന്റ് മേധാവി കിറിൽ കൊമാറോവ് വ്യക്തമാക്കി. കൂടംകുളം ആണവനിലയത്തിന്റെ വിജയകരമായ നിർമ്മാണത്തിന് പുറമെയായാണ് ഈ പുതിയ സഹകരണം.

ആണവോർജ്ജ മേഖലയ്ക്ക് പുറമെ ടൈറ്റാനിയം, സിർക്കോണിയം, റെയർ ഏർത്ത് എലമെന്റ്സ് തുടങ്ങിയ സുപ്രധാന മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വ്യാപിപ്പിക്കുന്നുണ്ട്. ടൈറ്റാനിയം സ്പോഞ്ച് ഉൽപ്പാദനത്തിനായി റോസാറ്റത്തിന്റെ കീഴിലുള്ള ഗിരെഡ്മെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ കമ്പനിയായ ആൾട്ട് മെറ്റൽസും തമ്മിൽ ഇതിനോടകം കരാർ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് അത്യാധുനിക നിർമ്മാണ സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കാനും, ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി ഇന്ത്യൻ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാനും റോസാറ്റം ലക്ഷ്യമിടുന്നു.
At the BRICS Summit, Russian state nuclear company Rosatom offered India advanced nuclear tech, including Small Modular Reactors, to support its 100 GW target
