കേരളത്തിന്റെ ഐ.ടി, ലോജിസ്റ്റിക്സ്, സമുദ്ര, ഊർജ്ജ മേഖലകളിലെ കരുത്ത് പ്രയോജനപ്പെടുത്തി അമേരിക്കൻ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഐ.ടി മേഖലയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി യു.എസ് കോൺസൽ ജനറൽ മരിയാന എൽ. നൈസുലറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ യു.എസ് കോൺസലേറ്റ് സംഘം കഴിഞ്ഞ ദിവസം ടെക്നോപാർക്ക് സന്ദർശിച്ചിരുന്നു. സന്ദർശനവേളയിൽ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സെക്രട്ടറി സാംബശിവ റാവു, ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക എന്നിവർ നൈസുലറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെയും യു.എസിലെയും സർവ്വകലാശാലകൾ തമ്മിൽ സംയുക്തമായി ‘സെന്റേഴ്സ് ഓഫ് എക്സലൻസ്’ സ്ഥാപിക്കാക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ ഐ.ടി വകുപ്പ് മുന്നോട്ടുവെച്ചു.

സംസ്ഥാനത്തെ പതിനായിരത്തോളം സ്റ്റാർട്ടപ്പുകളുടെ വളർച്ച വേഗത്തിലാക്കാൻ യു.എസ് ആക്സിലറേറ്ററുകളുടെ മാതൃകാ കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. ഈ മേഖലകളിൽ വ്യക്തമായ പദ്ധതികൾ തയ്യാറാക്കാൻ യു.എസ് കോൺസുലേറ്റ് അധികൃതർ വ്യവസായ പ്രമുഖരോട് ആവശ്യപ്പെടുകയുണ്ടായി. തിരുവനന്തപുരം ടെക്നോപാർക്കിൽ നടന്ന ചർച്ചയിൽ സംസ്ഥാനത്തിന്റെ പുരോഗതിയും വിജ്ഞാന അടിത്തറയുള്ള വ്യവസായ ഹബ്ബാകാനുള്ള സാധ്യതകളും അവലോകനം ചെയ്തു.
Kerala targets US tech companies with plans for joint Centers of Excellence and startup accelerators following a high-level US Consulate visit to Technopark