ബ്രിക്സ് ഉച്ചകോടിക്കിടെ മോദിക്കും ലോകനേതാക്കൾക്കും മുൻപിൽ ‘അണ്ടർ വാട്ടർ ഡ്രോൺ’ സാങ്കേതികവിദ്യ അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് കൊച്ചിയിലെ ഐറോവ് സ്റ്റാർട്ടപ്പും സ്ഥാപകൻ ജോൺ ടി.മത്തായിയും. സൈനിക ആവശ്യങ്ങൾക്കായി വികസിപ്പിച്ച ‘ട്രൗട്ട്’ എന്ന അണ്ടർവാട്ടർ ഡ്രോൺ ആണ് ഐറോവ് ബ്രിക്സ് വേദിയിൽ അവതരിപ്പിച്ചത്.

Kochi Startup EyeROV BRICS Summit

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള ‘ഭാരത് ഇന്നവേറ്റ്സ് എക്സ്പോസിഷനിലാണ്’ (Bharat Innovates Exposition) പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ തുടങ്ങിയ ലോകനേതാക്കൾക്ക് മുന്നിൽ ഐറോവ് തങ്ങളുടെ തദ്ദേശീയ അണ്ടർവാട്ടർ ഡ്രോൺ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.

സൈനിക ആവശ്യങ്ങൾക്കും സമുദ്ര സുരക്ഷയ്ക്കും ഒപ്പം കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങളും ഘടനകളും പരിശോധിക്കുന്നതിനായി വികസിപ്പിച്ചെടുത്തതാണ് ഐറോവിന്റെ അണ്ടർവാട്ടർ റോബോട്ടിക്സ് സംവിധാനങ്ങൾ. ഇതിൽ പ്രതിരോധ ആവശ്യങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ച ‘ട്രൗട്ട്’ (Trout) എന്ന അണ്ടർവാട്ടർ ഡ്രോൺ ആണ് ഉച്ചകോടിയിൽ പ്രധാനമായും പ്രദർശിപ്പിച്ചത്. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും എഞ്ചിനീയറിംഗ് ടീമിന്റെ ആത്മവിശ്വാസത്തിന്റെയും ഫലമായാണ് ലോകനിലവാരത്തിലുള്ള ഈ സമുദ്ര സാങ്കേതികവിദ്യ ഇന്ത്യയിൽ യാഥാർത്ഥ്യമായതെന്ന് ജോൺ ടി. മത്തായി വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ‘ഭാരത് ഇന്നവേറ്റ്സ്’ സംരംഭത്തിന്റെയും പിന്തുണയോടെയാണ് ഐറോവ് ഈ ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഈ അന്താരാഷ്ട്ര പ്രദർശനത്തിൽ കൊച്ചിയിലെ ഐറോവിനൊപ്പം തിരുവനന്തപുരത്തുനിന്നുള്ള സെമികണ്ടക്ടർ സ്റ്റാർട്ടപ്പായ നേത്രാസെമിയും പങ്കാളികളായിരുന്നു. ഇന്ത്യൻ നവീകരണ മികവിനെയും സമുദ്ര സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളെയും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഈ അഭിമാനകരമായ നേട്ടം കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കും വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

Kochi-based startup EyeROV showcases its indigenous underwater drone ‘Trout’ to global leaders, including PM Modi, at the BRICS Summit in New Delhi.

Share.
Leave A Reply

Exit mobile version