പ്രമുഖ സ്പോർട്സ് ഉൽപ്പന്ന നിർമ്മാതാക്കളായ അഡിഡാസ് (Adidas) ഗുഡ്ഗാവിലെ ഇന്ത്യ ടെക് ഹബ്ബിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾക്ക് തുടക്കമിട്ടു. ഇവിടെയുള്ള ആകെ 700 ജീവനക്കാരിൽ ഏകദേശം 45 മുതൽ 50 ശതമാനത്തോളം പേരെയാണ് ജോലിയിൽ നിന്ന് ഒഴിവാക്കുന്നത്. കഴിഞ്ഞദിവസം നടന്ന യോഗത്തിലാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്.

സോഫ്റ്റ്വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ തുടങ്ങിയവരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിച്ചിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരെ രണ്ട് വിഭാഗങ്ങളായാണ് കമ്പനി തിരിച്ചിട്ടുള്ളത്. ആദ്യ വിഭാഗത്തിൽ പെട്ടവർക്ക് സെപ്റ്റംബർ 15ന് തന്നെ പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു. എന്നാൽ രണ്ടാമത്തെ വിഭാഗത്തോട് മറ്റ് ടെക് ഹബ്ബുകളിലെ സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറുന്നതിനായി ഡിസംബർ 15 വരെ ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ കമ്പനിക്കുള്ളിൽ മറ്റ് തൊഴിലവസരങ്ങൾ തേടാനും ഇവർക്ക് അവസരം നൽകിയിട്ടുണ്ട്. ഡിസംബർ 15നകം പുതിയ പദവികൾ കണ്ടെത്താൻ കഴിയാത്തവരുടെ അവസാന പ്രവൃത്തിദിനം അന്നായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മാറിവരുന്ന ബിസിനസ്സ് ആവശ്യങ്ങൾക്ക് അനുസൃതമായി തങ്ങളുടെ പ്രവർത്തന മാതൃക ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അഡിഡാസ് വ്യക്തമാക്കി. എങ്കിലും, ഇന്ത്യ തങ്ങൾക്ക് ഏറ്റവും തന്ത്രപരമായി പ്രാധാന്യമുള്ള വിപണിയാണെന്നും കമ്പനിയുടെ വളർച്ചയിലും നവീന ആശയങ്ങളിലും രാജ്യത്തെ ടെക് ഹബ്ബ് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. അതേസമയം, പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്കുള്ള നഷ്ടപരിഹാര പാക്കേജ് (സെവറൻസ് പാക്കേജ്) സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Adidas announces major layoffs at its Gurgaon tech hub in India, affecting up to 50% of its workforce, including software engineers and data scientists.
