ബഹിരാകാശ, വ്യോമയാന മേഖലകളിൽ ഇന്ത്യയുടെ ‘ആത്മനിർഭർ’ യാത്രയിൽ പുതിയ അധ്യായം കുറിച്ച്, രണ്ട് എൽ.സി.എ. തേജസ് ഇരട്ട സീറ്റ് പരിശീലന വിമാനങ്ങളും ‘അങ്കുർ’ എന്ന് പേരിട്ടിരിക്കുന്ന മൂന്ന് എച്ച്.ടി.ടി.-40 ബേസിക് ട്രെയിനർ വിമാനങ്ങളും ഇന്ത്യൻ വ്യോമസേന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽനിന്ന് ഔദ്യോഗികമായി സ്വീകരിച്ചു. ഇതിനുപുറമെ, HAL നാല് ധ്രുവ് നെക്സ്റ്റ് ജനറേഷൻ (NG) ഹെലികോപ്റ്ററുകൾ പവൻ ഹാൻസ് ലിമിറ്റഡിന് (PHL) കൈമാറുകയും ചെയ്തു.
ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു എന്നിവർ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ തദ്ദേശീയ വ്യോമയാന ശേഷി വർദ്ധിപ്പിക്കുന്നതിലും സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കുന്നതിലുമുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ കൈമാറ്റമെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. വ്യോമയാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യയെ ശക്തവും സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരക്ഷമവുമാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘അങ്കുർ’ വിമാനത്തിന്റെ ഉൾപ്പെടുത്തൽ ഭാവിയിലെ പൈലറ്റുമാരുടെ കഴിവുകളെ പരിപോഷിപ്പിക്കുമെന്നും പരിശീലന ആകാശത്തുനിന്ന് പ്രവർത്തന ആകാശത്തേക്കുള്ള അവരുടെ യാത്രയ്ക്ക് ശക്തമായ അടിത്തറയാകുമെന്നും വ്യോമസേന ‘എക്സ്’ (X) പോസ്റ്റിലൂടെ വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, പ്രതിരോധ സേനയുടെ പ്രാഥമിക പരിശീലന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ബേസിക് ട്രെയിനർ വിമാനമാണ് എച്ച്.ടി.ടി.-40 (ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40). കാര്യക്ഷമമായ ടർബോപ്രോപ്പ് എൻജിൻ കരുത്തുനൽകുന്ന ഈ വിമാനം, കുറഞ്ഞ വേഗതയിലും മികച്ച രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആധുനിക കോക്ക്പിറ്റും എവയോണിക്സ് സ്യൂട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയ്റോബാറ്റിക്സ്, ജനറൽ ഹാൻഡ്‌ലിംഗ്, ഇൻസ്ട്രുമെന്റ് ഫ്ലൈയിംഗ്, നാവിഗേഷൻ, നൈറ്റ് ഫ്ലയിങ് തുടങ്ങി വിവിധ അടിസ്ഥാന പരിശീലനങ്ങളും പറക്കൽ ദൗത്യങ്ങളും നിർവഹിക്കാൻ ഈ വിമാനത്തിന് സാധിക്കും.
പൈലറ്റ് പരിശീലനത്തിനായി ഇന്ത്യ വർഷങ്ങളോളം ഇറക്കുമതി ചെയ്ത വിമാനങ്ങളെയാണ് ആശ്രയിച്ചിരുന്നതെന്നും, എന്നാൽ വ്യോമസേനയുടെ ആവശ്യങ്ങൾ നിറവേറ്റാൻ എച്ച്.ടി.ടി.-40 ഇപ്പോൾ എച്ച്.എ.എൽ. തദ്ദേശീയമായി നിർമ്മിക്കുകയാണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിപണിയിൽ എച്ച്.ടി.ടി.-40 വിമാനത്തിന് മികച്ച ബയേർസിനെ കണ്ടെത്താനാകുമെന്നും, ഇത് ഇന്ത്യയുടെ വ്യോമയാന ശേഷി കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
The Indian Air Force officially inducts the indigenous HTT-40 Ankur basic trainer aircraft and LCA Tejas trainers manufactured by HAL, boosting pilot training and defense self-reliance.
