വിമാനത്താവളങ്ങളിലെ യാത്രാ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്ന ‘ഡിജി യാത്രാ’ (DigiYatra) സംവിധാനം അന്താരാഷ്ട്ര യാത്രക്കാർക്കും ലഭ്യമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ വിമാനത്താവളങ്ങളിൽ ഒക്ടോബർ മുതൽ ഡിസംബർ വരെ ട്രയൽ റൺ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആദ്യഘട്ടത്തിൽ വിദേശത്തേക്ക് പുറപ്പെടുന്ന യാത്രക്കാർക്കായിരിക്കും ഈ ഡിജി യാത്രാ സൗകര്യം ലഭിക്കുക. ടെർമിനൽ പ്രവേശനം, സെക്യൂരിറ്റി ചെക്ക്പോയിന്റുകൾ, ബോർഡിംഗ് ഗേറ്റുകൾ തുടങ്ങിയ ഭാഗങ്ങളിലായിരിക്കും സംവിധാനം നടപ്പിലാക്കുക. ഇമിഗ്രേഷൻ പരിശോധനകൾ പിന്നീട് വരുന്ന ഘട്ടങ്ങളിൽ മാത്രമായിരിക്കും ഇതിൽ ഉൾപ്പെടുത്തുക.
ആഭ്യന്തര യാത്രകളിൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി ഉപയോഗിക്കുമ്പോൾ, അന്താരാഷ്ട്ര യാത്രകൾക്കായി ഇ-പാസ്‌പോർട്ടുകളാണ് ഡിജി യാത്രാ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് സ്മാർട്ട്‌ഫോണിലെ എൻ.എഫ്.സി (NFC) വഴി ഇ-പാസ്‌പോർട്ടിന്റെ ചിപ്പ് സ്കാൻ ചെയ്ത് അന്താരാഷ്ട്ര ക്രെഡൻഷ്യൽ സജ്ജീകരിക്കാൻ സാധിക്കും.
ചിപ്പിലെ ചിത്രവും ക്യാമറയിലെ ലൈവ് സെൽഫിയും പരിശോധിച്ച് പാസ്‌വേഡ് ഉറപ്പുവരുത്തുന്ന രീതിയാണിത്. ജൂലൈ 30 വരെ ഇന്ത്യയിൽ 17.3 ദശലക്ഷത്തിലധികം ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്. സോഫ്റ്റ്‌വെയർ അപ്‌ഗ്രഡേഷനും സുരക്ഷാ പരിശോധനകളും അന്തിമ ഘട്ടത്തിലാണെന്നും, ഇത് പൂർത്തിയാകുന്നതോടെ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര യാത്രകൾ കൂടുതൽ സുഗമമായി മാറുമെന്നും അധികൃതർ അറിയിച്ചു
DigiYatra facial recognition technology is expanding to international departures, with trial runs set for Kochi, Delhi, Mumbai, Bengaluru, and Hyderabad using e-passports.