ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന നിർമ്മാണ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിതുറന്ന് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (HAL). 97 തേജസ് Mk1A ഫൈറ്റർ ജെറ്റുകളുടെ രണ്ടാം ബാച്ച് നിർമ്മാണത്തിൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾക്ക് പകരം ഏകദേശം 40-ഓളം തദ്ദേശീയ സംവിധാനങ്ങൾ ഉൾപ്പെടുത്തുമെന്ന് എച്ച്എഎൽ സ്ഥിരീകരിച്ചു.

ഇതിന്റെ ഭാഗമായി ആദ്യ ബാച്ചിലുണ്ടായിരുന്ന ഇസ്രായേൽ നിർമ്മിത EL/M-2052 AESA റഡാറിനും ജാമർ പോഡിനും പകരം പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ‘ഉത്തം AESA റഡാറും’ (Uttam AESA Radar), ‘സ്വയം രക്ഷാ കവചും’ (Swayam Raksha Kavach / Unified EW Suite) പുതിയ വിമാനങ്ങളിൽ ഉൾപ്പെടുത്തും. 2028ന്റെ അവസാനത്തോടെയോ 2029ന്റെ തുടക്കത്തിലോ ഉൽപ്പാദനം ആരംഭിക്കുന്ന ഈ പുതിയ ബാച്ച് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കും.
തേജസ് വിമാനങ്ങളിലെ പ്രധാനപ്പെട്ട ലൈൻ റീപ്ലേസിബിൾ ഘടകങ്ങളിൽ ഭൂരിഭാഗവും രാജ്യത്തിനകത്ത് തന്നെ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. നൂറിലധികം ഇന്ത്യൻ സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ 64 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കത്തോടെയാണ് പുതിയ 97 ജെറ്റുകൾ പുറത്തിറങ്ങുന്നത്. വിദേശ വിതരണക്കാരുടെ കാലതാമസവും കയറ്റുമതി നിയന്ത്രണങ്ങളും കാരണം ഉൽപ്പാദനത്തിലോ അറ്റകുറ്റപ്പണികളിലോ ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനും, ഇന്ത്യൻ വ്യോമസേനയ്ക്ക് പ്രതിരോധ രംഗത്ത് കൂടുതൽ സ്വയംപര്യാപ്തതയും മികച്ച പ്രവർത്തനക്ഷമതയും ഉറപ്പാക്കാനും ഈ തദ്ദേശീയവൽക്കരണം ഏറെ സഹായിക്കും.
HAL confirms that the second batch of 97 Tejas Mk1A fighter jets will feature 40 indigenous systems, including the Uttam AESA Radar and Swayam Raksha Kavach.
