രാജ്യത്തെ ആദ്യത്തെ ഇൻലാന്റ് കണ്ടെയ്നർ ഡിപ്പോയായ കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ സർവീസസിനെ (KPACT) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്ന 180 കിലോമീറ്റർ നീളമുള്ള പുതിയ ഉൾനാടൻ ജലപാത പദ്ധതി നിർദ്ദേശിച്ചു. കുറഞ്ഞ ചെലവിൽ കണ്ടെയ്നറുകൾ എത്തിക്കാൻ ലക്ഷ്യമിടുന്ന ഈ ജലപാത വഴി 12 മുതൽ 14 മണിക്കൂർ കൊണ്ട് ചരക്കുകൾ വിഴിഞ്ഞത്ത് എത്തിക്കാൻ സാധിക്കും. പദ്ധതിക്കായി സർക്കാരിന് വൻ തുക സാമ്പത്തിക ബാധ്യത വരില്ലെന്നാണ് പോർട്ട് അധികൃതർ വ്യക്തമാക്കുന്നത്.
കേരളത്തിലെ ചരക്ക് ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി കോട്ടയം പോർട്ടിൽ നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 180 കിലോമീറ്റർ നീളമുള്ള ഉൾനാടൻ ജലപാത പദ്ധതി വരുന്നു. റോഡ് മാർഗ്ഗമുള്ള ഗതാഗതക്കുരുക്കും ഉയർന്ന ചെലവും ഒഴിവാക്കി കണ്ടെയ്നർ ബാർജുകൾ (Barges) വഴി ചരക്കുകൾ എത്തിക്കാനാണ് നിർദ്ദിഷ്ട പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രാഥമിക സർവേ പൂർത്തിയായി കഴിഞ്ഞു. രണ്ടാം ഘട്ട സർവേ അടുത്ത വർഷം ജനുവരിയോടെ ആരംഭിക്കും.
ദേശീയ ജലപാത 9, 3 എന്നിവയെ ബന്ധിപ്പിച്ച് മൺറോ തുരുത്ത്, അഷ്ടമുടി കായൽ, പമ്പാനദി, അമ്പലപ്പുഴ, തോട്ടപ്പള്ളി വഴി തൃക്കുന്നപ്പുഴയിലെത്തി വലിയഴീക്കൽ വഴി അറബിക്കടലിൽ പ്രവേശിച്ച് വിഴിഞ്ഞത്തേക്ക് ബാർജുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.
ചരക്ക് നീക്കം സുഗമമാക്കുന്നതിനായി തൃക്കുന്നപ്പുഴ പാലത്തിൽ ഡിസംബറോടെ ലോക്ക് സിസ്റ്റം സ്ഥാപിക്കും. കസ്റ്റംസ് വകുപ്പിന്റെ ട്രാൻഷിപ്പ്മെന്റ് ബോണ്ട് വ്യവസ്ഥയോടെ കോട്ടയം പോർട്ടിൽ നിന്ന് നിലവിൽ വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകൾ അയച്ചുതുടങ്ങിയിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മധ്യ തിരുവിതാംകൂറിലെ വ്യവസായ മേഖലയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ സേവനം കുറഞ്ഞ ചെലവിൽ ഉപയോഗപ്പെടുത്താം.
A 180 km inland waterway is proposed to connect Kottayam Port with Vizhinjam International Seaport, enabling cost-effective container cargo transport.