ഇന്ത്യയുമായി എട്ട് ബില്യൺ ഡോളറിന്റെ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ജർമ്മനി തയ്യാറെന്ന് ജർമ്മൻ അംബാസഡർ ജാസ്പർ വിയേക് (Jasper Wieck) വ്യക്തമാക്കി. ഇന്ത്യയിൽ ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമ്മിക്കുന്ന ഈ പദ്ധതിയുടെ കരാർ അന്തിമഘട്ടത്തിലാണെന്നും, സർക്കാർ തലത്തിലുള്ള ഈ കരാറിൽ ഒപ്പുവെക്കാൻ ജർമ്മനി പൂർണ്ണമായും സന്നദ്ധമാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജർമ്മനിയുടെ ടൈസെങ്ക്രുപ്പ് മറൈൻ സിസ്റ്റംസും (Thyssenkrupp Marine Systems) ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സും (Mazagon Dock Shipbuilders) ചേർന്നാണ് ഇന്ത്യയിൽ ഈ അന്തർവാഹിനികൾ നിർമ്മിക്കുന്നത്. സാങ്കേതികവിദ്യ കൈമാറ്റത്തോടെ തദ്ദേശീയമായി ആയുധങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്ത മാതൃകപ്രകാരമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ ഇടപാടുകളിൽ ഒന്നാണിത്.
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ജർമ്മനി പ്രതിരോധ കയറ്റുമതി നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തിയിട്ടുണ്ട്. മാറിയ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുന്ന ജർമ്മനി, ലൈസൻസുകൾ നൽകുന്നതിൽ ‘180 ഡിഗ്രി മാറ്റമാണ്’ വരുത്തിയിരിക്കുന്നതെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി.
പ്രതിരോധ രംഗത്ത് റഷ്യയെ മാത്രം ആശ്രയിക്കുന്ന സ്ഥിതി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ഈ പങ്കാളിത്തം സഹായകമാകും. അന്തർവാഹിനി നിർമ്മാണത്തിന് പുറമെ ആളില്ലാ സംവിധാനങ്ങൾ, സൈബർ സുരക്ഷ, മിസൈൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.
Germany is ready to sign an $8 billion deal with India to manufacture six advanced submarines in partnership with Mazagon Dock and Thyssenkrupp.