മെഗാസ്റ്റാർ മമ്മൂട്ടിയുടെ സന്ദർശനത്തോടെ പട്ടേൽ പ്രതിമ വാർത്തകളിൽ നിറയുകയാണ്. സ്റ്റാച്യൂ ഓഫ് യൂണിറ്റി സന്ദർശനം തനിക്ക് മനോഹരമായ അനുഭവമായിരുന്നുവെന്ന് മമ്മൂട്ടി പ്രതികരിച്ചു. രാജ്യത്തിന്റെ ഐക്യത്തിനായി പൊരുതിയ മനുഷ്യനാണ് സർദാർ വല്ലഭ് ഭായ് പട്ടേൽ എന്നും, ഈ പ്രതിമയുടെ അർത്ഥവും ലക്ഷ്യവും നാം നിറവേറ്റേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ നമ്മളും രാജ്യത്തിന്റെ ഐക്യത്തിനായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു.
സർദാർ സരോവർ അണക്കെട്ടിന്റെ പശ്ചാത്തലത്തിൽ തലയുയർത്തി നിൽക്കുന്ന ഈ സ്മാരകം സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യാനന്തരം 562 നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് ഒറ്റ രാജ്യമാക്കി മാറ്റിയ ഇന്ത്യയുടെ ‘ഉരുക്കു മനുഷ്യൻ’ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ മഹത്തായ സ്മാരകമാണിത്. ചരിത്രവും അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യയും പ്രകൃതിസൗന്ദര്യവും ഒത്തുചേരുന്ന ഗുജറാത്തിലെ ഈ പ്രശസ്തമായ ഇടം അതുകൊണ്ടുതന്നെ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നായി മാറുന്നു.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായ ഇതിന് 182 മീറ്റർ ഉയരമുണ്ട്. പ്രതിമയ്ക്കുള്ളിൽ 153 മീറ്റർ ഉയരത്തിൽ സജ്ജീകരിച്ചിരിക്കുന്ന 360 ഡിഗ്രി വ്യൂ ഗ്യാലറിയിലേക്കുള്ള അതിവേഗ എലിവേറ്റർ യാത്ര സന്ദർശകർക്ക് അപൂർവ്വമായ അനുഭവം നൽകും. ഇതിനുപുറമേ, ലക്ഷക്കണക്കിന് സസ്യ ഇനങ്ങളുള്ള ‘വാലി ഓഫ് ഫ്ലവേഴ്സ്’ തടാകം, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഗ്രാമങ്ങളിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ച് നിർമ്മിച്ച ‘വാൾ ഓഫ് യൂണിറ്റി’ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള കാറ്റിനെയും 6.5 തീവ്രതയുള്ള ഭൂകമ്പങ്ങളെയും പ്രതിരോധിക്കാൻ തക്കവിധമാണ് ഇത് എൻജിനീയറിങ് ചെയ്തിരിക്കുന്നത്; ഒപ്പം തടാകത്തിലൂടെയുള്ള ബോട്ട് റൈഡും (നൗക വിഹാർ) ഈ സന്ദർശനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
പ്രതിമയ്ക്ക് അപ്പുറമുള്ള കാഴ്ചകളും വിനോദങ്ങളും ഈ യാത്രാനുഭവത്തെ കൂടുതൽ സവിശേഷമാക്കുന്നു. ക്യാക്ടസ് ഗാർഡൻ, ചിൽഡ്രൻസ് ന്യൂട്രിഷൻ പാർക്ക്, സർദാർ സരോവർ അണക്കെട്ട് എന്നിവയ്ക്ക് പുറമേ, രാജ്യത്തെ ഏറ്റവും നീളമേറിയ സിപ്-ലൈൻ (440 മീറ്റർ), ഏക്താ മാളിലെ ലേസർ ഷോകൾ എന്നിവ സന്ദർശകരെ ആകർഷിക്കും. കൂടാതെ, സർദാർ പട്ടേലിന്റെ ജീവിതകഥ പറയുന്ന സൗണ്ട് ആൻഡ് ലൈറ്റ് ഷോ, പുള്ളിപ്പുലികളെയും പക്ഷികളെയും കാണാനായുള്ള ജംഗിൾ സഫാരി എന്നിവയും ആസ്വദിക്കാവുന്നതാണ്.
Megastar Mammootty visits the Statue of Unity in Gujarat, praising the grand monument dedicated to Sardar Vallabhbhai Patel and its world-class attractions
