രാജ്യത്തെ വളർന്നുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബോയിങ്ങിൽ നിന്ന് 200ലധികം 737 മാക്സ് (Boeing 737 MAX) വിമാനങ്ങൾ കൂടി വാങ്ങാൻ ആകാശ എയർ ചർച്ചകൾ നടത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയായ മുംബൈ ആസ്ഥാനമായുള്ള ആകാശ എയർ, തങ്ങളുടെ ഫ്ലീറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം നടത്തുന്നത്.
ഇതിനകം തന്നെ 183 വിമാനങ്ങൾക്കായി കമ്പനി ഓർഡർ നൽകിയിട്ടുണ്ട്. ഈ പുതിയ അധിക ഓർഡറിലൂടെ 2032നു ശേഷവും വിമാനങ്ങളുടെ ലഭ്യതയും സർവീസുകളുടെ തുടർച്ചയും ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത വർഷത്തിന്റെ തുടക്കത്തോടെ ഈ കരാറിലെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചനയെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ 43 ബോയിങ് വിമാനങ്ങളുമായി സർവീസ് നടത്തുന്ന ആകാശ എയർ, വരും വർഷങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഫ്‌ലീറ്റിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുടെ അനുപാതം 60:40 ആയി ഉയർത്താനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര സർവീസുകൾ വ്യാപിപ്പിച്ചതിലൂടെ 2026ന്റെ ആദ്യ പകുതിയിൽ മാത്രം 4 ലക്ഷത്തിലധികം അന്താരാഷ്ട്ര യാത്രക്കാരെ കൊണ്ടുപോകാൻ കമ്പനിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ മൊത്തം കണക്കുകളെയും മറികടക്കുന്നതാണ് ഈ കുതിച്ചുചാട്ടം. വിമാനങ്ങളുടെ ലഭ്യത മെച്ചപ്പെടുന്ന മുറയ്ക്ക് കൂടുതൽ സർവീസുകൾ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് വിനയ് ദുബെ വ്യക്തമാക്കിയിട്ടുണ്ട്.
Akasa Air is in talks with Boeing to purchase over 200 Boeing 737 MAX jets to fuel its long-term fleet expansion and grow its international flight network
