ഇന്ത്യയിൽ ഒരു വ്യക്തി നടത്തുന്ന ഏറ്റവും ഉയർന്ന മൂല്യമുള്ള ഒറ്റ റസിഡൻഷ്യൽ പ്രോപർട്ടി ഇടപാടിന് സാക്ഷ്യം വഹിച്ചു മുംബൈ. കെട്ടിടത്തിന്റെ വിലയറിഞ്ഞവർ ഞെട്ടി. ചതുരശ്രയടിക്ക് ഏകദേശം 1.13 ലക്ഷം രൂപ.

അതെ മുംബൈയിലെ അതിസമ്പന്ന മേഖലയായ ജുഹുവിൽ ഏകദേശം 711 കോടി രൂപയ്ക്ക് ആഡംബര റെസിഡൻഷ്യൽ ടവർ ‘എംബസി തെറാസ’ ഞെട്ടിക്കുന്ന തുകയ്ക്ക് സ്വന്തമാക്കിയത് പ്രമുഖ വ്യവസായി ദിനേഷ് ഠക്കർ ആണ്. 63,000 ചതുരശ്രയടി വിസ്തീർണമുള്ള ഈ സമുച്ചയത്തിന് ചതുരശ്രയടിക്ക് ഏകദേശം 1.13 ലക്ഷം രൂപയാണ് വിലമതിക്കുന്നത്.
രാജ്യത്തെ മുൻനിര റീട്ടെയിൽ ഓഹരി ബ്രോക്കിങ് സ്ഥാപനമായ ഏഞ്ചൽ വൺ ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദിനേഷ് ഠക്കർ ആണ് രാജ്യത്ത് ഒരു വ്യക്തി നടത്തുന്ന ഏറ്റവും ഉയർന്ന മൂല്യമുള്ള ഒറ്റ റസിഡൻഷ്യൽ പ്രോപർട്ടി ഇടപാടിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. എംബസി ഡെവലപ്മെന്റ്‌സ് ലിമിറ്റഡ് നിർമിക്കുന്ന ‘എംബസി തെറാസ’ എന്ന അൾട്രാ ലക്ഷ്വറി പ്രോജക്റ്റിലെ എട്ട് നിലകളുള്ള ടവറാണ് ദിനേഷ് ഠക്കർ വാങ്ങിയത്. കരാർ ഒപ്പുവച്ച വിവരം പുറത്തുവന്നതിന് പിന്നാലെ എംബസി ഡെവലപ്മെന്റ്‌സിന്റെ ഓഹരി മൂല്യത്തിൽ എട്ട് ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.
വ്യവസായ പ്രമുഖരും സിനിമാ താരങ്ങളും താമസിക്കുന്ന ജുഹു താരാ റോഡിലാണ് ‘എംബസി തെറാസ’ ടവർ സ്ഥിതി ചെയ്യുന്നത്. ദിനേഷ് ഠക്കർ കുടുംബ വസതിക്കായി ഒരുക്കുന്ന ഈ സൗധത്തിന് ‘ഏഞ്ചലസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
രണ്ടര ഏക്കറിലധികം വിസ്തൃതിയിൽ പരന്നുകിടക്കുന്ന എംബസി തെറാസ പദ്ധതിയിൽ ആകെ അഞ്ച് ടവറുകളിലായി അമ്പതോളം ആഡംബര വസതികളാണ് ഉള്ളത്. ഓരോ നിലയിലും ഒരൊറ്റ ഫ്‌ളാറ്റ് മാത്രം വരുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. പൂർണ സ്വകാര്യത, വിസ്തൃതി, അറബിക്കടലിന്റെ അതിമനോഹരമായ കാഴ്ച എന്നിവയാണ് എടുത്തുപറയാവുന്ന സവിശേഷതകൾ.
മുംബൈയിലെ മുളുണ്ടിൽ പരമ്പരാഗത തുണി വ്യവസായം നടത്തിയിരുന്ന കുടുംബത്തിലാണ് ദിനേഷ് ഠക്കർ ജനിച്ചത്. പന്ത്രണ്ടാം ക്ലാസോടെ അദ്ദേഹം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. സുഹൃത്തുക്കളിൽനിന്ന് പണം കടംവാങ്ങി ഒരു ഓഹരി നിക്ഷേപകനായി വിപണിയിൽ പ്രവേശിച്ച ദിനേഷ് ഠക്കർക്ക് തുടക്കകാലത്ത് ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം ലക്ഷക്കണക്കിന് രൂപയുടെ കനത്ത നഷ്ടം നേരിടേണ്ടിവന്നു. എങ്കിലും പിന്മാറിയില്ല.
1992-ൽ ഹർഷദ് മേത്ത ഓഹരി കുംഭകോണം പുറത്തുവന്നതോടെ രാജ്യം മുഴുവൻ വിപണി തകർച്ച നേരിട്ടപ്പോൾ ദിനേഷ് ഠക്കറും കനത്ത കടബാധ്യതയിലേക്ക് തള്ളപ്പെട്ടു. ഈ കടുത്ത പ്രതിസന്ധിയിലും ഠക്കറുടെ ദീർഘവീക്ഷണത്തിൽ വിശ്വാസമർപ്പിച്ച മൂന്ന് നിക്ഷേപകർ 50 ലക്ഷം രൂപ വീതം നിക്ഷേപിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായത്. അങ്ങനെ 1996-ൽ ഏഞ്ചൽ ബ്രോക്കിങ് സ്ഥാപിതമായി.
പരമ്പരാഗത ബ്രോക്കറേജിൽനിന്ന് ഡിജിറ്റൽ യുഗത്തിലേക്ക് അതിവേഗം ചുവടുമാറിയ ഏഞ്ചൽ ബ്രോക്കിങ് 2019-ൽ സമ്പൂർണ ഡിജിറ്റൽ നിക്ഷേപ പ്ലാറ്റ്ഫോമായി രൂപാന്തരപ്പെട്ടു. 2021-ൽ ഏഞ്ചൽ വൺ എന്ന് പുനർനാമകരണം ചെയ്ത കമ്പനിക്ക് നിലവിൽ നാല് കോടിയോളം ഉപഭോക്താക്കളുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലും വെൽത്ത് മാനേജ്മെന്റിലും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമായി ഏഞ്ചൽ വൺ മാറി.
Angel One founder Dinesh Thakkar buys an entire luxury residential tower at Embassy Terazza in Mumbai’s Juhu for ₹711 crore, marking India’s largest single residential deal.