മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ ‘എം.എസ്.സി ലോറെറ്റോ’ (MSC Loreto) എന്ന ഭീമൻ കപ്പലിൽ നിന്ന് ഒറ്റത്തവണയായി 17,400 TEU കണ്ടെയ്നറുകളാണ് ഇവിടെ കൈകാര്യം ചെയ്തത്. സിംഗപ്പൂരിൽ നിന്ന് എത്തി കൊളംബോയിലേക്ക് പോയ ഈ കപ്പലിന്റെ വരവ്, ഒരു ഇന്ത്യൻ തുറമുഖത്ത് നടക്കുന്ന ഏറ്റവും ഉയർന്ന വോളിയം കൈമാറ്റങ്ങളിൽ ഒന്നാണ്.

ആധുനിക ഓട്ടോമേഷനും സാങ്കേതികവിദ്യയും ഉപയോഗിച്ച് വിഴിഞ്ഞം ഒരു ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി അതിവേഗം വളരുകയാണെന്ന് ഈ വിജയം വ്യക്തമാക്കുന്നു. രാജ്യത്തെ ആദ്യ ഡീപ്-വാട്ടർ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം, ഇതിനകം തന്നെ അന്താരാഷ്ട്ര മദർഷിപ്പുകളെ സ്വീകരിച്ചുകൊണ്ട് നിരവധി റെക്കോർഡുകൾ തിരുത്തിക്കുറിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ മറ്റ് പ്രധാന റെക്കോർഡുകൾ
പ്രവർത്തനം ആരംഭിച്ച് വെറും 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (2 Million TEUs) ചരക്ക് കൈകാര്യം ചെയ്യുന്ന ആദ്യ ഇന്ത്യൻ തുറമുഖമായി വിഴിഞ്ഞം മാറിയിരുന്നു. 2026 ആഗസ്റ്റിൽ മാത്രം 1,41,759 ടി.ഇ.യു ചരക്ക് കൈകാര്യം ചെയ്തുകൊണ്ട് തുറമുഖം അതിന്റെ ഏറ്റവും ഉയർന്ന പ്രതിമാസ ചരക്ക് നീക്ക റെക്കോർഡും സ്വന്തമാക്കി. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളായ എം.എസ്.സി ഐറിന (MSC Irina), എം.എസ്.സി മിഷേൽ കപെല്ലിനി (MSC Michel Cappellini) എന്നിവയുൾപ്പെടെ നിരവധി അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകൾ ഇതിനോടകം വിഴിഞ്ഞത്ത് വിജയകരമായി അടുക്കുകയും ചെയ്തിട്ടുണ്ട്
Vizhinjam International Seaport set a record by handling 17,400 TEUs of cargo in a single call from the ultra-large container ship MSC Loreto.