മിഡിൽ ഈസ്റ്റിലെ തുടർച്ചയായ പ്രതിസന്ധികളെത്തുടർന്ന്, അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി (LPG) ഇറക്കുമതി 25 ശതമാനത്തിലധികം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (HPCL) എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് അടുത്ത വർഷം പ്രതിമാസം അഞ്ച് കാർഗോകൾ വീതം (46,000 ടൺ വീതം) യു.എസിൽ നിന്ന് വാങ്ങാൻ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

നിലവിലുള്ള കരാർ പ്രകാരം ഇത് പ്രതിമാസം നാല് കാർഗോകളായിരുന്നു. കരാറുകൾ അന്തിമമായാൽ, ഇന്ത്യയുടെ യു.എസിൽ നിന്നുള്ള എൽ.പി.ജി ഇറക്കുമതി ഈ വർഷത്തെ 2.2 ദശലക്ഷം ടണ്ണിൽ നിന്ന് അടുത്ത വർഷം 2.76 ദശലക്ഷം ടണ്ണായി ഉയരും. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും മിഡിൽ ഈസ്റ്റ് വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം ഇന്ത്യ പരമ്പരാഗതമായി ആശ്രയിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾക്ക് പുറമെ വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനാണ് ഈ നീക്കം.
യു.എസ്-ഇറാൻ സംഘർഷങ്ങളെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടിരുന്നു. നിലവിൽ യു.എസിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കുന്നത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വ്യാപാരക്കമ്മി നിയന്ത്രിക്കാനും സഹായിക്കും. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം യു.എസ് ഇന്ത്യയുടെ ഏറ്റവും വലിയ എൽ.പി.ജി വിതരണക്കാരായി ഇതിനോടകം മാറിട്ടുമുണ്ട്.
India’s state refiners plan to boost LPG imports from the US by over 25%, seeking five monthly cargoes to secure energy supplies amid Middle East disruptions
