യുപിഐ (UPI) ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് 0.4 ശതമാനം മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ‘നോ യു.പി.ഐ ഡേ’ (No UPI Day) ആചരിക്കുമെന്ന് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്സ് അസോസിയേഷൻ (AIMRA) പ്രഖ്യാപിച്ചു.

അന്ന് വ്യാപാരികൾ പ്രതീകാത്മകമായി തങ്ങളുടെ ക്യു.ആർ കോഡുകൾ കറുത്ത തുണി ഉപയോഗിച്ച് മൂടുകയും യു.പി.ഐ പണമിടപാടുകൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യും. ഒക്ടോബർ 15 മുതൽ നടപ്പിലാക്കുന്ന പുതിയ വ്യവസ്ഥ പ്രകാരം 2,000 രൂപയിൽ കൂടുതലുള്ള യു.പി.ഐ ഇടപാടുകൾക്കാണ് ഈ അധിക നിരക്ക് ബാധകമാകുന്നത്.
ഈ നിരക്ക് വർദ്ധന ചെറിയ കടയുടമകളുടെ വരുമാനത്തിൽ പ്രതിമാസം 2,000 മുതൽ 12,000 രൂപ വരെ നഷ്ടമുണ്ടാക്കുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. അതിനാൽ ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയ്ക്കായി യു.പി.ഐ പണമിടപാടുകൾ പൂർണ്ണമായും പൂജ്യം ശതമാനം എം.ഡി.ആർ ഘടനയിൽ നിലനിർത്തണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.
All India Mobile Retailers Association calls for ‘No UPI Day’ on October 2 to protest against the proposed 0.4% Merchant Discount Rate on UPI transactions above ₹2,000
