കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫോർട്ട് കൊച്ചിയിൽ നിന്ന് മഹാരാജാസ് കോളേജിലേക്ക് അർബൻ റോപ്വേ പദ്ധതി നിർദേശിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. മട്ടാഞ്ചേരിയും വില്ലിങ്ടൺ ഐലൻഡും വഴി കടന്നുപോകുന്ന ഈ പദ്ധതിക്കായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡിക്ക് അദ്ദേഹം കത്തയച്ചു.

വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കലോ റോഡ് വികസനമോ ആവശ്യമില്ലാത്ത ഈ സംവിധാനത്തിലൂടെ മണിക്കൂറിൽ 5,000 മുതൽ 6,000 വരെ യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഒരു സാധാരണ മെട്രോ നിർമ്മാണ ചെലവിന്റെ മൂന്നിലൊന്ന് തുക മാത്രമാണ് ഇതിന് ആവശ്യമായി വരികയെന്നും, ബൊളീവിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെയും വാരാണസിയിലെയും റോപ്വേ മാതൃകകൾ കെഎംആർഎൽ അധികൃതർ നേരിട്ട് കണ്ട് പഠിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
അതേസമയം, ആലുവ-അങ്കമാലി മെട്രോ വിപുലീകരണ പദ്ധതിയോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. വിമാനത്താവളത്തിലേക്ക് മറ്റ് റെയിൽ ഗതാഗത സംവിധാനങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഈ മെട്രോ പാതയ്ക്ക് ആവശ്യമായ യാത്രക്കാരെ ലഭിച്ചേക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതിനുപകരം, ദേശീയപാത ബൈപ്പാസിനോട് ചേർന്ന് അരൂരിൽ നിന്ന് ഇടപ്പള്ളി വഴി വരാപ്പുഴയിലേക്ക് ഒരു എലവേറ്റഡ് മെട്രോ കോറിഡോർ നിർമ്മിക്കുന്നതാണ് കൂടുതൽ ലാഭകരമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കത്തിന്റെ പകർപ്പ് ഗതാഗത വകുപ്പ് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്.
Metroman E. Sreedharan proposes a cost-effective urban ropeway connecting Fort Kochi to Maharajas College via Mattancherry and Willingdon Island to ease traffic congestion.
