തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രപ്രദേശിലും വൻകിട നിക്ഷേപത്തിന് കളമൊരുക്കിക്കൊണ്ട്, സംസ്ഥാനത്ത് പുതിയ അപ്പാരൽ പാർക്ക് സ്ഥാപിക്കാൻ കിറ്റെക്സ് ഗ്രൂപ്പിനെ ക്ഷണിക്കാൻ ഉന്നതതല സംഘം കൊച്ചിയിലെത്തി. ഐ.ടി, മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നരാ ലോകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലുള്ളത്. കിറ്റെക്സ് എം.ഡി സാബു എം. ജേക്കബുമായി ബോൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ചാണ് ഇന്നത്തെ നിർണായക കൂടിക്കാഴ്ച നടക്കുന്നത്.
ആന്ധ്രപ്രദേശിന്റെ വ്യവസായ വളർച്ച ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിന് മാസങ്ങളുടെ തയ്യാറെടുപ്പുകളുണ്ട്. ആന്ധ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി എസ്. സവിത നേരത്തെ കൊച്ചിയിലെത്തി സാബു എം. ജേക്കബുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. ഈ പ്രാഥമിക ചർച്ചകളുടെ തുടർച്ചയായും പദ്ധതിക്ക് വേഗത കൂട്ടാനുമാണ് നരാ ലോകേഷ് നേരിട്ട് കൊച്ചിയിലെത്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എന്നത് ഈ നീക്കത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
തെലങ്കാനയുമായി ബന്ധപ്പെട്ട കിറ്റെക്സിന്റെ പുതിയ നീക്കങ്ങൾക്കിടയിലാണ് ആന്ധ്രപ്രദേശും തങ്ങളുടെ സംസ്ഥാനത്തേക്ക് വൻകിട ടെക്സ്റ്റൈൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. കിറ്റെക്സിനെപ്പോലെയുള്ള വൻകിട വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് എത്തിക്കുന്നത് വഴി വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് ആന്ധ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. ഇന്നത്തെ ചർച്ചയോടെ കിറ്റെക്സിന്റെ ആന്ധ്രാ പ്രവേശനം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Andhra Pradesh Minister Nara Lokesh meets Kitex MD Sabu M. Jacob in Kochi to invite Kitex Group to establish a major apparel park in Andhra Pradesh.
