വിമാന ഇന്ധനമായ എടിഎഫിന്റെ (Aviation Turbine Fuel) വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍ ഇന്ധന ചാര്‍ജ് വര്‍ദ്ധിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ (IndiGo). ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ക്രൂഡ് ഓയിൽ വിലയിലുണ്ടായ അസ്ഥിരതയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഒക്ടോബർ 6 മുതല്‍ നടത്തുന്ന പുതിയ ബുക്കിംഗുകൾക്കെല്ലാം ഈ പരിഷ്കരിച്ച നിരക്കുകൾ ബാധകമായിരിക്കും.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഇന്ധനവിലയിലുണ്ടായത്. കഴിഞ്ഞ പത്ത വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവിൽ എ.ടി.എഫ് വിലയുള്ളത്. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ വലിയൊരു പങ്ക് ഇന്ധനവിലയായതിനാല്‍ ഇത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്. എങ്കിലും, യാത്രക്കാര്‍ക്ക് വലിയ ഭാരമാകാത്ത വിധത്തിലുള്ള മിതമായ വര്‍ദ്ധനവാണ് നിരക്കിൽ വരുത്തിയിരിക്കുന്നതെന്ന് ഇന്‍ഡിഗോ അധികൃതർ വ്യക്തമാക്കി.
പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര റൂട്ടുകളിൽ 500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 375 രൂപയും, 501 മുതൽ 1,000 കിലോമീറ്റർ വരെ 600 രൂപയും, 1,001 മുതൽ 1,500 കിലോമീറ്റർ വരെ 900 രൂപയും, 1,501 മുതൽ 2,000 കിലോമീറ്റർ വരെ 1,150 രൂപയും, 2,000 കിലോമീറ്ററിന് മുകളിലുള്ള ദൂരത്തിന് 1,300 രൂപയുമാണ് ഫ്യുവൽ ചാർജ് ഇനത്തിൽ ഈടാക്കുക. അന്താരാഷ്ട്ര റൂട്ടുകളിൽ സാർക്ക് (SAARC) രാജ്യങ്ങളിലേക്ക് 500 കിലോമീറ്റർ വരെ 1,000 രൂപയും അതിനു മുകളിലേക്ക് 3,000 രൂപയുമായിരിക്കും ചാർജ്. കൂടാതെ തെക്കുകിഴക്കൻ ഏഷ്യ, ജി.സി.സി, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് 5,500 രൂപയും ആഫ്രിക്ക, യൂറോപ്പ് സർവീസുകൾക്ക് 6,000 രൂപയുമാണ് ഇന്ധന ചാർജ് നിശ്ചയിച്ചിരിക്കുന്നത്.
