ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ കയറ്റുമതി മൂല്യം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിപണനത്തിലൂടെ 600 മില്യൺ ഡോളർ കടക്കാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ മൂന്ന് രാജ്യങ്ങളുമായാണ് ബ്രഹ്മോസ് മിസൈൽ കൈമാറുന്നതിനുള്ള കരാറുകളോ ധാരണകളോ ഇന്ത്യയ്ക്കുള്ളത്.

ഫിലിപ്പൈൻസുമായുള്ള നിലവിലുള്ള കരാറിന്റെ ഭാഗമായി ഏകദേശം 330 മില്യൺ ഡോളർ വിലമതിക്കുന്ന ബ്രഹ്മോസ് മിസൈൽ സിസ്റ്റങ്ങൾ ഇന്ത്യ ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്. ഇതിനുപുറമെ വിയറ്റ്നാമിൽ നിന്ന് 100 മില്യൺ ഡോളറിന്റെയും ഇന്തോനേഷ്യയിൽ നിന്ന് 200 മില്യൺ ഡോളറിന്റെയും പുതിയ കയറ്റുമതി കരാറുകളാണ് പ്രതിരോധ വകുപ്പ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ഉയർന്ന മൂല്യമുള്ള പ്രതിരോധ കയറ്റുമതി ലക്ഷ്യങ്ങളുടെ പ്രധാന അടയാളമായി ബ്രഹ്മോസ് മിസൈൽ ഇതിനോടകം തന്നെ മാറി കഴിഞ്ഞിട്ടുണ്ട്. സുഖോയ് Su-30MKI യുദ്ധവിമാനങ്ങളിൽ വിജയകരമായി ഘടിപ്പിച്ച വ്യോമമാർഗ്ഗം വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് പതിപ്പ് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി രംഗത്തെ കരുത്ത് ഇനിയും വർദ്ധിപ്പിക്കുന്നു.

Share.
Leave A Reply

Exit mobile version