ശീതകാല മലിനീകരണം രൂക്ഷമാകുന്നതിന് മുമ്പേ മുൻകരുതൽ നടപടികളുമായി ഡെൽഹി ഭരണകൂടം രംഗത്ത്. വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെത്തുന്നതുവരെ കാത്തിരിക്കുന്നതിന് പകരം ഈ വർഷം ഒക്ടോബർ 1 മുതൽ തന്നെ മുൻകരുതൽ നിയന്ത്രണങ്ങൾ അധികൃതർ നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി പെട്രോൾ പമ്പുകളിൽ സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലാത്ത (PUCC) വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്ന ‘നോ പിയുസിസി, നോ ഫ്യൂവൽ’ നിയമം കർശനമാക്കിയിട്ടുണ്ട്. നവംബർ 1 മുതൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ബി.എസ്-VI (BS-VI) അല്ലാത്ത വാഹനങ്ങളുടെ പ്രവേശനം തടയൽ, 50% വർക്ക് ഫ്രം ഹോം, പാർക്കിംഗ് ഫീസ് വർദ്ധനവ്, പൊടിപടലങ്ങൾ ഉയർത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം എന്നിവയും പ്രാബല്യത്തിൽ വരും.

മുൻകാലങ്ങളെ അപേക്ഷിച്ച് പ്രതിരോധ നടപടികൾ നേരത്തെ തുടങ്ങിയെങ്കിലും, നഗരത്തിലെ മലിനീകരണത്തിന്റെ ഉറവിടങ്ങൾ വ്യത്യസ്തങ്ങളായതിനാൽ കർശനമായ നടപ്പാക്കലും പ്രാദേശിക ഏകോപനവും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗതാഗതം, പൊടിപടലങ്ങൾ, വ്യവസായങ്ങൾ, ബയോമാസ് കത്തിക്കൽ, പ്രതികൂല കാലാവസ്ഥ എന്നിവയാണ് പ്രധാന വെല്ലുവിളികൾ.
ഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഈ പ്രശ്നത്തിന് സമഗ്രമായ പരിഹാരം കാണാനാകൂ. പുതിയ മുൻകരുതൽ നയങ്ങൾ കർശനമായി നടപ്പിലാക്കിയാൽ ഈ ശീതകാലത്ത് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Delhi implements early anti-pollution measures for winter, including 50% work-from-home policy, ‘No PUCC No Fuel’ rules, and vehicle entry restrictions to tackle air pollution.
