ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ പേടിഎം പേയ്മെന്റ്സ് ബാങ്കിനെ (PPBL) അംഗീകൃത ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഔദ്യോഗികമായി ഒഴിവാക്കി. 1934ലെ ആർബിഐ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ നിന്നാണ് ബാങ്കിനെ നീക്കം ചെയ്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം ജൂലൈ 31ന് പുറപ്പെടുവിക്കുകയും സെപ്റ്റംബറിൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ചട്ടങ്ങൾ പാലിക്കാത്തതിനാലും നിക്ഷേപകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലും ഈ വർഷം ഏപ്രിലിലാണ് പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസൻസ് ആർബിഐ റദ്ദാക്കിയത്. ഇതിനുപിന്നാലെ ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഡൽഹി ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

വിജയ് ശേഖർ ശർമ്മയുടെ നേതൃത്വത്തിലുള്ള പേടിഎം പേയ്മെന്റ്സ് ബാങ്ക് നിരന്തരം ആർബിഐയുടെ കർശന നിരീക്ഷണത്തിലായിരുന്നു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് 2022 മാർച്ചിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിരുന്നു. പിന്നീട് 2024 ജനുവരിയിലും ഫെബ്രുവരിയിലുമായി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ, വാലറ്റുകൾ എന്നിവയിലേക്ക് പണം നിക്ഷേപിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന് ശേഷമാണ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള അന്തിമ നടപടികളിലേക്ക് ആർബിഐ കടന്നത്.
The Reserve Bank of India has officially removed Paytm Payments Bank from the Second Schedule of the RBI Act following the cancellation of its banking license.
