ലണ്ടൻ നഗരവീഥികളിലൂടെ ഓടുന്ന മഹീന്ദ്ര ഓട്ടോറിക്ഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടൻ റോഡുകളിലൂടെ കറുത്ത നിറത്തിലുള്ള മഹീന്ദ്ര ഓട്ടോ നീങ്ങുന്ന 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. “ബ്രിട്ടനിലേക്ക് ഒരു ഓട്ടോറിക്ഷ എത്തിയിരിക്കുന്നു, അത് മഹീന്ദ്രയുടെയാണ്, അത് നമ്മുടേതാണ്” എന്നർത്ഥം വരുന്ന ഗുജറാത്തി അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. തിരക്കേറിയ ലണ്ടൻ തെരുവുകളിൽ കാൽനടയാത്രക്കാരുടെയും പ്രശസ്തമായ ബ്ലാക്ക് കാബുകളുടെയും ഇടയിലൂടെ ഓട്ടോറിക്ഷ പോകുന്ന ദൃശ്യങ്ങൾ ഏറെ കൗതുകമുണർത്തുന്നതായി.

ആനന്ദ് മഹീന്ദ്രയുടെ ഈ പോസ്റ്റ് നിമിഷനേരങ്ങൾക്കുള്ളിൽ ഓൺലൈനിൽ തരംഗമാവുകയും നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇന്ത്യൻ നിർമ്മിത വാഹനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത് കാണുമ്പോൾ അഭിമാനകരമാണെന്നും, ബ്രിട്ടീഷ് റോഡുകളിൽ ഒരു ഓട്ടോറിക്ഷ കാണുന്നത് കൗതുകകരമാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. ചായ ഇറക്കുമതിക്ക് ശേഷം ബ്രിട്ടനിലേക്ക് ലഭിച്ച ഏറ്റവും ആത്മവിശ്വാസമുള്ള ഇറക്കുമതിയാണ് ഇതെന്ന തരത്തിലുള്ള രസകരമായ കമന്റുകളും ഈ പോസ്റ്റിന് താഴെ നിറഞ്ഞിട്ടുണ്ട്
Industrialist Anand Mahindra shared a viral video on X showing a Mahindra autorickshaw cruising through London streets alongside iconic black cabs, garnering wide appreciation from netizens.
