കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതിക്ക് കീഴിൽ ലക്ഷദ്വീപിൽ ആരംഭിക്കാനിരുന്ന സീപ്ലെയിൻ സർവീസ് അവസാന നിമിഷം തടഞ്ഞ അഡ്മിനിസ്ട്രേഷൻ നടപടിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്ത പദ്ധതികളിലൊന്നായ സീപ്ലെയിൻ സർവീസിന്, ഉദ്ഘാടനത്തിന് അഞ്ച് ദിവസം മുൻപ് സെപ്റ്റംബർ 10നാണ് ലക്ഷദ്വീപ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്. ഒരു വർഷത്തോളമായി ആവശ്യമായ വാട്ടർ ജെട്ടികൾ നിർമ്മിക്കുകയും 40ലധികം ട്രയൽ ഫ്ലൈറ്റുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് പദ്ധതി പെട്ടെന്ന് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്.

സ്കൈഹോപ്പ് ഏവിയേഷന് (SkyHop Aviation) ലക്ഷദ്വീപിലെ അഞ്ച് പ്രധാന ദ്വീപുകളെ തമ്മിലും മെയിൻലാൻഡുമായും ബന്ധിപ്പിക്കുന്നതിനുള്ള റൂട്ടുകളാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നത്. 2026 ഏപ്രിലിൽ ഡിജിസിഎയുടെ (DGCA) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും കമ്പനി കരസ്ഥമാക്കിയിരുന്നു. മൺസൂണിന് ശേഷം സെപ്റ്റംബർ 16 മുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കെയാണ് ഭരണകൂടത്തിന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. നിലവിൽ അഗത്തിയിൽ മാത്രമാണ് ലക്ഷദ്വീപിൽ വിമാനത്താവളമുള്ളത്. ദ്വീപുകൾ തമ്മിലുള്ള യാത്രയ്ക്ക് പ്രധാനമായും കപ്പലുകളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതിയായിരുന്നു ഇത്.
വാട്ടർ എയറോഡ്രോമുകളും സീപ്ലെയിൻ സർവീസുകളും നടത്തി പരിചയസമ്പത്തില്ലാത്തതിനാൽ ഇനി സഹായം നൽകാൻ കഴിയില്ലെന്നും മുൻപ് നൽകിയ അനുമതികൾ പിൻവലിച്ചതായും കാണിച്ച് സെപ്റ്റംബർ 21ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (AAI) കത്തെഴുതുകയായിരുന്നു. പദ്ധതിക്കായി വിമാനങ്ങളും ജീവനക്കാരെയും സജ്ജമാക്കി വൻതുക നിക്ഷേപിച്ച കമ്പനിക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായ പദ്ധതി പെട്ടെന്ന് തടയാനുണ്ടായ സാഹചര്യമാണ് മന്ത്രാലയം പരിശോധിക്കുന്നത്
The Ministry of Civil Aviation has launched an investigation after the Lakshadweep Administration abruptly halted SkyHop Aviation’s seaplane service right before its scheduled launch.