ആഡംബര ജീവിതവും വേറിട്ട സ്റ്റൈലും കൊണ്ട് എപ്പോഴും ശ്രദ്ധനേടുന്ന താരമാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ ജീവിതകഥ അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും മികച്ച ഉദാഹരണമാണ്. ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റൈൽ ഐക്കണും കോടീശ്വരനുമാണെങ്കിലും, കരിയറിന്റെ തുടക്കകാലത്ത് വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് അദ്ദേഹം കടന്നുപോയത്.

പോഷകാഹാരങ്ങൾ വാങ്ങി കഴിക്കാൻ പണമില്ലാത്തതിനാൽ മാഗ്ഗി മാത്രം കഴിച്ച് പരിശീലനത്തിനും മത്സരങ്ങൾക്കും പോയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഹാർദിക് തുറന്നുപറഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ വായ്പ അടച്ചുതീർക്കാനായി സഹോദരൻ ക്രുനാലിനൊപ്പം ഗ്രാമങ്ങളിൽ പോയി ഒരു മത്സരത്തിന് 400 രൂപ പ്രതിഫലം വാങ്ങി കളിച്ചാണ് ഇരുവരും ക്രിക്കറ്റിൽ തങ്ങളുടെ വഴി വെട്ടിത്തെളിച്ചത്.

എന്നാൽ ഇന്ന് കായികരംഗത്തും ബിസിനസ്സ് ലോകത്തും പാണ്ഡ്യ പടുത്തുയർത്തിയത് നൂറ് കോടിയിലധികം മൂല്യമുള്ള വൻ സാമ്രാജ്യമാണ്. 2015-ൽ വെറും 10 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തിയ പാണ്ഡ്യക്ക് നിലവിൽ 16.35 കോടി രൂപയുടെ ഐ.പി.എൽ കരാറാണുള്ളത്. ഐ.പി.എല്ലിൽ നിന്ന് മാത്രം 122 കോടിയിലധികം രൂപ അദ്ദേഹം സമ്പാദിച്ചു കഴിഞ്ഞു.

ഇതുകൂടാതെ ബി.സി.സി.ഐയുടെ ഗ്രേഡ് ‘ബി’ കരാറിലൂടെ പ്രതിവർഷം 3 കോടി രൂപയോളം ശമ്പളവും ലഭിക്കുന്നുണ്ട്. 2.5 കോടി രൂപ വരെ ബ്രാൻഡ് എൻഡോഴ്സ്മെന്റ് നിരക്ക് ഈടാക്കുന്ന ഹാർദിക്കിന്റെ ആകെ ബ്രാൻഡ് മൂല്യം ഏകദേശം 38.4 മില്യൺ ഡോളറാണ്. റോളക്സ്, പാടെക് ഫിലിപ്പ് തുടങ്ങിയ കോടികൾ വിലമതിക്കുന്ന അപൂർവ്വ വാച്ചുകൾ, ഫെരാരി, റോൾസ് റോയ്സ്, ലാംബോർഗിനി തുടങ്ങിയ ആഡംബര കാറുകൾ, മുംബൈയിലും വഡോദരയിലുമുള്ള പ്രീമിയം വീടുകൾ എന്നിവയുൾപ്പെടെ 95 മുതൽ 120 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ നിലവിലെ ആകെ ആസ്തി.

From earning ₹400 per match to building a multi-crore empire, explore Hardik Pandya’s inspiring journey and astonishing net worth.

Share.
Leave A Reply

Exit mobile version