കൊച്ചിയുടെ ജലഗതാഗതം കൂടുതൽ പരിസ്ഥിതി സൗഹൃദവും വ്യാപകവുമാക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML) 15 പുതിയ ഇലക്ട്രിക് ഫെറികൾ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കി. കടമ്പ്രയാർ, വലിയതുരുത്ത്, ഇടക്കൊച്ചി, കുമ്പളം തുടങ്ങിയ ഉൾപ്രദേശങ്ങളിലെ ദ്വീപുകളിലേക്കും വാട്ടർമെട്രോ സർവീസ് വ്യാപിപ്പിക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

ഈ പുതിയ ബോട്ടുകൾ എത്തുന്നതോടെ സർവീസുകളുടെ എണ്ണം വർദ്ധിക്കുകയും പ്രധാന റൂട്ടുകളിലെ തിരക്കേറിയ സമയത്തെ കാത്തിരിപ്പ് സമയം 15-20 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറയുകയും ചെയ്യും. ഹൈക്കോടതി – കടമ്പ്രയാർ സെക്ടറിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഉയർന്ന നിരക്കിലുള്ള പ്രത്യേക ടൂറിസ്റ്റ് സർവീസുകളും ഏർപ്പെടുത്താൻ ഏജൻസി ആലോചിക്കുന്നുണ്ട്.
പുതിയ ബോട്ടുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണെന്നും അടുത്ത വർഷം പകുതിയോടെ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. പുതിയ 15 ബോട്ടുകൾ കൂടി എത്തുന്നതോടെ കെ.എം.ആർ.എല്ലിന്റെ ആകെ സർവീസ് ബോട്ടുകളുടെ എണ്ണം 38 ആയി ഉയരും.
Kochi Water Metro Limited (KWML) accelerates plans to add 15 new electric ferries, expanding service routes to outer islands and boosting total fleet size to 38.