ചെന്നൈ മെട്രോ റയിൽ യാത്രയ്ക്കിടെ തമിഴ്നാട്ടിലെ യുവ സ്റ്റാർട്ടപ്പ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പോരൂർ ബൈപാസ് മുതൽ പൂനമല്ലി വരെയുള്ള മെട്രോയുടെ ഉദ്ഘാടന യാത്രയിലാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ സാന്നിധ്യത്തിൽ 15-ഓളം സ്റ്റാർട്ടപ്പ് സ്ഥാപകർ പ്രധാനമന്ത്രിയോട് തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചത്.

വിഘ്നേഷ് കന്തസാമിയുടെ നേതൃത്വത്തിലുള്ള ‘തഴൽ ജിയോസ്പേഷ്യൽ അനലിറ്റിക്സ്’ സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി വ്യതിയാനങ്ങളും നിരീക്ഷിക്കുന്ന രീതി പ്രധാനമന്ത്രിയോട് വിവരിച്ചു. തമിഴ്നാട് സർക്കാരുമായി ചേർന്ന് തടാകങ്ങളും കണ്ടൽക്കാടുകളും സംരക്ഷിക്കുന്നതിൽ ഈ പ്ലാറ്റ്ഫോം നിർണായക പങ്ക് വഹിക്കുന്നുണ്ട്.
എഐ സാങ്കേതികവിദ്യയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സുസീന്ദർ മാരിമുത്തുവിന്റെ ‘ബ്ലൂനവ്’ എന്ന സ്റ്റാർട്ടപ്പും തങ്ങളുടെ പദ്ധതികൾ പങ്കുവെച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിജയകരമായി നടപ്പിലാക്കിയ ഇവരുടെ സിസ്റ്റം യാത്രക്കാരുടെ സേവനങ്ങൾ വേഗത്തിലാക്കാനും എയർപോർട്ട് പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്നു.
കൂടാതെ രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ‘ഗ്രഹാ സ്പേസ്’ ബഹിരാകാശത്ത് നിന്നുള്ള തത്സമയ ഭൗമ ദൃശ്യങ്ങൾ (Geospatial Video Data) ലഭ്യമാക്കുന്ന നാനോ സാറ്റലൈറ്റ് സാങ്കേതികവിദ്യ വിശദീകരിച്ചു. അടുത്തിടെ വിജയകരമായി വിക്ഷേപിച്ച ‘സോളറാസ്’ (SOLARAS) നാനോ സാറ്റലൈറ്റിന്റെ ചിത്രങ്ങളും സാങ്കേതികവിദ്യയും കാണിച്ച സംരംഭകരെ അഭിനന്ദിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ ബഹിരാകാശ സാമ്പത്തിക മേഖലയ്ക്കും ഇത്തരം പുതിയ സാങ്കേതികവിദ്യകൾക്കും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
ബഹിരാകാശ സാങ്കേതികവിദ്യ, വ്യോമയാന മേഖലയിലെ കൃത്രിമബുദ്ധി ഉപയോഗം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ വിഷയങ്ങളിലെ തദ്ദേശീയ കണ്ടുപിടുത്തങ്ങളെ കുറിച്ച് പ്രധാനമന്ത്രി ഓരോരുത്തരിൽ നിന്നും പ്രത്യേകം ചോദിച്ചറിഞ്ഞു. റോഡുകളുടെയും പാലങ്ങളുടെയും നിർമാണ പുരോഗതി കൃത്യമായി നിരീക്ഷിക്കാനും വിമാനത്താവളങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഈ സാങ്കേതികവിദ്യകൾക്ക് സാധിക്കുമെന്ന് സംരംഭകർ വ്യക്തമാക്കി. ബഹിരാകാശ സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ കരുത്തേകാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി, ഇത്തരം വളർന്നുവരുന്ന മേഖലകൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
PM Narendra Modi interacts with Tamil Nadu startup founders during a Chennai Metro ride, reviewing innovations in space tech, geospatial analytics, and AI.
