സുരക്ഷാ ഭീഷണികളും അനുമതിയില്ലാത്ത ഡ്രോൺ പറത്തലുകളും തടയുന്നതിനായി സംസ്ഥാനത്തെ സ്വകാര്യ ഡ്രോണുകളുടെ വിവരശേഖരണം ആരംഭിച്ച് കേരള പൊലീസ്. നിലവിൽ ഉപയോഗത്തിലുള്ള ഡ്രോണുകളുടെ ഉടമകൾ ആരാണെന്നും അവയുടെ സവിശേഷതകൾ എന്തൊക്കെയാണെന്നും കണ്ടെത്തുന്നതിനായി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഡ്രോൺ ഉടമകളുടെയും ഉപകരണങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഇത്തരമൊരു പട്ടിക തയ്യാറാക്കുന്നത്.

അതേസമയം, തിരുവനന്തപുരം നഗരപരിധിയിലെ നിലവിലുള്ള ഡ്രോൺ ഉടമകളും പുതിയതായി ഡ്രോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവരും തങ്ങളുടെ വിവരങ്ങൾ പൊലീസിൽ രജിസ്റ്റർ ചെയ്യണമെന്ന് സിറ്റി പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഉടമയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവയ്ക്കൊപ്പം ഡ്രോൺ നിർമാതാവിന്റെ പേര്, മോഡൽ, സീരിയൽ നമ്പർ തുടങ്ങിയ വിവരങ്ങളും നൽകണം. ഇതിനായി പ്രാദേശിക പൊലീസ് സ്റ്റേഷനെയോ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിനെയോ സമീപിക്കാം. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വാണിജ്യ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി ഡ്രോണുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ അവയുടെ പ്രവർത്തനം നിരീക്ഷിക്കാനും ദുരുപയോഗം തടയാനുമാണ് നടപടി.
ആഗോളതലത്തിൽ ഡ്രോണുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ആധുനിക യുദ്ധമേഖലകളിലും ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അവയുടെ ദുരുപയോഗ സാധ്യതകൾ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത രഹസ്യാന്വേഷണ വിഭാഗങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏകദേശം 600 കിലോമീറ്റർ നീളമുള്ള കേരളത്തിന്റെ തീരപ്രദേശവും വിമാനത്താവളങ്ങൾ, ബഹിരാകാശ-ശാസ്ത്ര സ്ഥാപനങ്ങൾ, പ്രതിരോധ കേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളും കണക്കിലെടുത്ത് സുരക്ഷാ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് വിമാനത്താവളങ്ങൾ ഉൾപ്പെടെ 90-ഓളം മേഖലകൾ ഡ്രോൺ പറത്തലിന് നിയന്ത്രണമുള്ള റെഡ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 250 ഗ്രാമിൽ താഴെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് ഡി.ജി.സി.എയുടെ ചട്ടപ്രകാരം റിമോട്ട് പൈലറ്റ് ലൈസൻസോ ഡ്രോൺ രജിസ്ട്രേഷൻ നമ്പറോ നിർബന്ധമല്ല. എന്നാൽ വലിയ ഡ്രോണുകൾക്ക് ഇവ ആവശ്യമാണ്.
Kerala Police tighten security by launching a mandatory registration drive for private drone owners to prevent unauthorized usage and safety threats.