ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര പ്രമാണിച്ച് നാളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം അഞ്ച് മണിക്കൂർ നിർത്തിവെക്കും. വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയാണ് വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കുന്നത്. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാസമയം ശ്രദ്ധിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

അൽപശി ഉത്സവത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമിയെയും ഉപദേവന്മാരെയും ശംഖുമുഖം കടലില്‍ ആറാടിച്ച ശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തില്‍ എത്തുന്നതോടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന അല്പശി ഉത്സവത്തിന് സമാപനം. വിമാനത്താവളത്തിന് അകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോകുന്നത്.
1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാളിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിന്റെ റൺവേ തയാറാക്കിയത്.
ശ്രീപത്മനാഭന്റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെടുകയും അന്നത്തെ കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.
Thiruvananthapuram International Airport will suspend flight operations for five hours due to the Sree Padmanabhaswamy Temple Alpasi Arattu procession. Check updated flight schedules.
