തെരുവ് കച്ചവടക്കാരെ ‘സ്മാർട്ട് സംരംഭകർ’ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഐ.ഐ.ടി ഖരഗ്പൂർ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക ഫുഡ് വെൻഡിംഗ് കാർട്ട് (ഭക്ഷണ വിതരണ വാഹനം) വികസിപ്പിച്ചു. ത്രീ-വീലർ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കാർട്ടിൽ ഡിജിറ്റൽ പേയ്മെന്റ് സൗകര്യവും വസ്തുക്കൾ പ്രദർശിപ്പിക്കാനുള്ള ലൈറ്റിംഗ് സംവിധാനവും മാലിന്യങ്ങൾ വേർതിരിക്കാനുള്ള മൂന്ന് തരത്തിലുള്ള വേസ്റ്റ് ബിന്നുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരമായി പൊതുസ്ഥലങ്ങൾ കയ്യേറുന്നതിന് പകരം, കച്ചവടക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനും ജോലിക്ക് ശേഷം വാഹനം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഇത് സഹായിക്കുന്നു. ഐ.ഐ.ടി ഖരഗ്പൂറിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡയറക്ടർ സുമൻ ചക്രവർത്തിയാണ് ഈ നൂതന പദ്ധതിക്ക് രൂപം നൽകിയത്.
പ്രാഥമിക പരീക്ഷണങ്ങൾക്കായി ഈ പദ്ധതിയെയെ ഐ.ഐ.ടിയുടെ ‘സേതു ക്ലൗഡ് കിച്ചൺ കണക്റ്റ്’ (SETU) പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുകയും കച്ചവടക്കാർക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുകയും ചെയ്യും. ക്ലീൻ എനർജിയും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളും പ്രയോജനപ്പെടുത്തി തെരുവ് കച്ചവടക്കാരുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താൻ പദ്ധതി ഉപകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
IIT Kharagpur develops a solar-powered vending cart with digital payment and waste management features to empower street vendors into smart entrepreneurs.