ഇസ്രായേലിന്റെ സ്റ്റാര്‍ട്ടപ്പ് മാതൃക കേരളത്തിന്റെ സംരംഭകർക്ക് കൂടി ലഭ്യമാക്കുന്ന പദ്ധതികളുമായി വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്. ഇത്തരത്തിൽ കൂടുതല്‍ നൂതന സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാനും തിരുവനന്തപുരത്തേക്ക് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുകയാണ് അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്.
ഇസ്രായേലി കമ്പനികളെയും കേരളത്തിലെ സംരംഭകരെയും തമ്മില്‍ ബന്ധിപ്പിച്ച് പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപകരെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുന്നതിനും ഫൗണ്ടേഷന് സഹായം നല്‍കും. കേരളത്തിലെ സംരംഭങ്ങൾക്കു പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ചുവപ്പു നാട കുരുക്ക് അഴിക്കുന്നതിനും സംരംഭകർക്ക് സഹായം ഉറപ്പാക്കും.
അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ആശയങ്ങള്‍ മുതല്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം, വിദേശ സാങ്കേതികവിദ്യയുടെ പ്രയോജനം, പുതിയ വ്യവസായ നിക്ഷേപങ്ങള്‍, സംരംഭകര്‍ നേരിടുന്ന ഭരണപരമായ തടസ്സങ്ങള്‍ പരിഹരിക്കല്‍, അര്‍ഹരായവര്‍ക്ക് ജീവകാരുണ്യ സഹായം എത്തിക്കല്‍ തുടങ്ങി തിരുവനന്തപുരത്തിന്റെ സമഗ്ര സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്.
ലോകത്ത് സാങ്കേതികവിദ്യയില്‍ മുന്നിലുള്ള ഇസ്രായേലുമായി സഹകരിച്ച് കേരളത്തില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ വികസിത അനന്തപുരി പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇസ്രായേലി കമ്പനികളുമായി ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ കേരളത്തിലെത്തിക്കുന്നതിലൂടെ പുതിയ വ്യവസായ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അവസരമൊരുക്കുകയാണ് ലക്ഷ്യം.
പ്രവാസി മലയാളികളായ പത്തുപേരാണ് വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്റെ സ്ഥാപകര്‍. നിലവില്‍ സ്ഥാപകാംഗങ്ങളില്നിന്നുള്ള സാമ്പത്തിക സംഭാവനകള്‍ ഉപയോഗിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇസ്രായേലിന്റെ മിനിസ്ട്രി ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഇന്ത്യ-ഇസ്രായേല്‍ ലീഡര്‍ഷിപ്പ് ഡെലിഗേഷന് പ്രോഗ്രാമിന്റെ ഭാഗമായി ഇസ്രായേല്‍ സന്ദര്‍ശിച്ച 14 അംഗ സംഘത്തില്‍ വികസിത അനന്തപുരിയുടെ പ്രതിനിധി സജീവ് എസ്. നായരും പങ്കെടുത്തിരുന്നു.
സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന നൂതന സാങ്കേതികവിദ്യാ പദ്ധതികളും മെഡിക്കല്‍ ഉപകരണ നിര്‍മാണ സാധ്യതകളും സംബന്ധിച്ച് ഇസ്രായേലി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റത്തെക്കുറിച്ച് ഇസ്രായേലില്‍ നിന്ന് മനസിലാക്കുന്നതിനും ഈ സന്ദര്‍ശനം സാധ്യമാക്കി.കേരളത്തില്‍ പ്രയോജനപ്പെടുത്താവുന്ന ഇസ്രായേലിന്റെ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുന്നതിനും തിരുവനന്തപുരത്ത് പുതിയ നിക്ഷേപങ്ങള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കും വഴിയൊരുക്കുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ച് ഇസ്രായേലി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിനും സന്ദര്‍ശനം അവസരമൊരുക്കി.
ആരോഗ്യരംഗത്ത് മുന്നിലുള്ള കേരളത്തിന് ഇത്തരം സംരംഭങ്ങള്‍ വലിയ നേട്ടമാകും. വിദേശത്തുനിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം അവ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയും വൈദഗ്ധ്യവും കേരളത്തില്‍ വികസിപ്പിക്കാനായാല്‍ ആരോഗ്യരംഗത്തിനും വ്യവസായമേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യും.
വ്യക്തികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്യുന്ന നൂതന വീല്‍ചെയറുകള്‍ നിര്‍മിക്കുന്നതാണ് പ്രധാന സാധ്യതകളിലൊന്ന്. ഒരാളുടെ ശാരീരികാവസ്ഥ, ജോലി, ഉപയോഗസാഹചര്യം എന്നിവ കണക്കിലെടുത്ത് വീല്‍ചെയറുകള്‍ ക്രമീകരിക്കുന്ന സാങ്കേതികവിദ്യ ഇസ്രായേലി കമ്പനികള്‍ക്കുണ്ട്.
ജലസ്രോതസ്സുകള്‍ എങ്ങനെ മലിനപ്പെടുന്നു എന്ന് തിരിച്ചറിയുന്നതിനും മലിനീകരണത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും ഇസ്രായേലിന്റെ ആധുനിക സാങ്കേതികവിദ്യകള്‍ സഹായകമാകും. ഇസ്രായേലി കമ്പനികളുമായി സഹകരിച്ച് ജലശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും കഴിഞ്ഞാല്‍ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം പുതിയ സാങ്കേതിക സംരംഭങ്ങള്‍ക്കും വളര്‍ച്ചയുടെ സാധ്യതകള്‍ തുറക്കും.ഇതിനു വേണ്ടി സൗജന്യമായി പ്രൊജക്ടുകള്‍ തയാറാക്കി നല്കാന് ഇസ്രായേലി കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇന്നൊവേഷനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും വളര്‍ത്തുന്നതില്‍ ലോകശ്രദ്ധ നേടിയ രാജ്യമാണ് ഇസ്രായേല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ബയോടെക്നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍, സൈബര്‍ സുരക്ഷ, അഗ്രിടെക് തുടങ്ങി വിവിധ മേഖലകളിലായി ഏകദേശം 9,000 സ്റ്റാര്‍ട്ടപ്പുകളും 1,500-ഓളം ഡീപ്ടെക് കമ്പനികളും പ്രവര്‍ത്തിക്കുന്ന വിപുലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇസ്രായേലിനുള്ളത്.
ഗവേഷണങ്ങളിലൂടെയും സാങ്കേതിക കണ്ടുപിടിത്തങ്ങളിലൂടെയും ലഭിക്കുന്ന പുതിയ ആശയങ്ങളെ പ്രായോഗിക ഉല്‍പ്പന്നങ്ങളായും സേവനങ്ങളായും മാറ്റി വിജയകരമായ ബിസിനസ് സംരംഭങ്ങളാക്കി വളര്‍ത്തുന്നതാണ് ഇസ്രായേല്‍ മാതൃകയുടെ പ്രത്യേകത. ഇന്നൊവേഷനെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഉപാധിയായി മാറ്റാന്‍ ഇസ്രായേലിന് ഇതിലൂടെ കഴിയുന്നു.
ഇസ്രായേലിന്റെ സ്റ്റാര്‍ട്ടപ്പ് മാതൃക കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതല്‍ നൂതന സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാനും തിരുവനന്തപുരത്തേക്ക് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ആഗോള വിപണിയില്‍ മത്സരിക്കാന്‍ ശേഷിയുള്ള സാങ്കേതിക സംരംഭങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് വികസിത അനന്തപുരി മുന്നോട്ടുവയ്ക്കുന്ന പ്രധാന സാധ്യതകളിലൊന്ന്.
ചുവപ്പുനാടയില്‍ കുടുങ്ങുന്ന സംരംഭകര്‍ക്ക് സൗജന്യ സഹായം ഉറപ്പാക്കും
വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അനുമതികള്‍ക്കും മറ്റ് നടപടികള്‍ക്കുമായി അപേക്ഷ സമര്‍പ്പിച്ചശേഷം ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരുന്നത് പല സംരംഭകരും നേരിടുന്ന പ്രശ്നമാണ്. ഇത്തരം ഭരണപരമായ തടസ്സങ്ങള്‍ സംരംഭങ്ങളുടെ വളര്‍ച്ചയെ ബാധിക്കുകയും പുതിയ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാം.
ഈ സാഹചര്യം പരിഹരിക്കാന്‍ വികസിത അനന്തപുരിയുടെ നേതൃത്വത്തില്‍ പ്രത്യേക സഹായസംവിധാനം ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും അപേക്ഷകള്‍ സമര്‍പ്പിച്ച് നടപടികള്‍ക്കായി കാത്തിരിക്കുന്ന ബിസിനസുകാരെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സംരംഭകരില്‍ നിന്ന് പണം ഈടാക്കാതെ ആവശ്യമായ സഹായം നല്കുന്ന രീതിയാണ് ഫൗണ്ടേഷന് സ്വീകരിച്ചിരിക്കുന്നത്. അപേക്ഷകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും ബന്ധപ്പെട്ട സംവിധാനങ്ങളുമായി ഇടപെടുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ സംരംഭകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാണ് ശ്രമം.
നിക്ഷേപകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ കുറയ്ക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായിക്കുക എന്നിവയെല്ലാം ഈ പ്രവര്‍ത്തനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളാണ്.
Vikasitha Ananthapuri Global Foundation aims to bring Israel’s advanced startup ecosystem and technological expertise to Kerala, fostering innovation, attracting investments, and creating employment opportunities. The foundation plans to connect Israeli companies with Kerala-based entrepreneurs to explore new business collaborations and investment opportunities in Thiruvananthapuram. It is also exploring the establishment of medical device manufacturing units in Kerala and has initiated discussions with Israeli companies.
