ഐ.ഐ.ടി മദ്രാസ് കൃഷി, ആരോഗ്യം, നിയമം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളിലെ വികസനത്തിനായി കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്ന ചെറിയ ഡാറ്റാ സെന്ററുകളുടെ പ്രയോഗികതയെക്കുറിച്ച് പഠനം നടത്താൻ തീരുമാനിച്ചു. ‘ഫ്രൂഗൽ എഞ്ചിനീയറിംഗ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിക്കുന്ന ഇത്തരം ‘പിക്കോ സെന്ററുകൾ’ കുറഞ്ഞ വൈദ്യുതിയും വിഭവങ്ങളും മാത്രം ഉപയോഗിച്ച് മികച്ച സേവനം നൽകാൻ പ്രാപ്തമായിരിക്കും.
വൻകിട ഡാറ്റാ സെന്ററുകൾക്ക് പകരമായി പ്രാദേശിക തലത്തിൽ ഉപയോഗിക്കാവുന്ന ഈ ചെറിയ ഡാറ്റാ സെന്ററുകൾ വഴി രാജ്യത്തെ 25 കോടിയോളം സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യക്തിഗത എ.ഐ ട്യൂട്ടർമാരെ ലഭ്യമാക്കാൻ സാധിക്കുമെന്ന് ഐ.ഐ.ടി മദ്രാസ് ഡയറക്ടർ ഡോ. വി. കാമകോടി വ്യക്തമാക്കി. എ.ഐ സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന 500 കേസ് സ്റ്റഡി വീഡിയോകൾ പ്രൊഡ്യൂസ് ചെയ്യാനും ഐ.ഐ.ടി മദ്രാസിലെ ‘സെന്റർ ഫോർ റെസ്പോൺസിബിൾ എ.ഐ’ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, വിവിധ ഭാഷകളിലുള്ള എ.ഐ ടൂളുകളുടെ കൃത്യതയും വിശ്വാസ്യതയും അളക്കുന്നതിനായി അമ്പതിലധികം മാനദണ്ഡങ്ങൾ അടങ്ങിയ പ്രത്യേക സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമും ചടങ്ങിൽ പുറത്തിറക്കി. ഇന്ത്യയുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായതും ചെലവ് കുറഞ്ഞതുമായ എ.ഐ മാതൃകകൾ വികസിപ്പിച്ചെടുക്കുകയാണ് ഈ പുതിയ ഗവേഷണ പദ്ധതികളിലൂടെ രാജ്യത്തെ പ്രമുഖ സാങ്കേതിക സ്ഥാപനമായ ഐ.ഐ.ടി മദ്രാസ് ലക്ഷ്യമിടുന്നത്
IIT Madras announces plans to study low-cost pico data centers to enable personalized AI tutors for 25 crore school students and launches new responsible AI initiatives.
