പ്രമുഖ ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായ ഷിപ്പ്റോക്കറ്റ് (Shiprocket), തങ്ങളുടെ എ.ഐ പവേർഡ് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ‘ഫാസ്റ്റർ’ (fastrr) വഴി ഫുഡ് ഡെലിവറി മേഖലയിലേക്ക് ചുവടുവെക്കുന്നു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന ഭീമമായ കമ്മീഷൻ നിരക്കുകൾ മൂലം പ്രതിസന്ധിയിലായ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ആശ്വാസമേകുന്ന ഡയറക്ട്-ഓർഡറിംഗ് (Direct-Ordering) മാതൃകയാണ് ഷിപ്പ്റോക്കറ്റ് മുന്നോട്ടുവെക്കുന്നത്. നിലവിൽ ഡൽഹി-എൻ.സി.ആർ അധിഷ്ഠിത പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകളായ പഞ്ചാബി ആംഗീഥി (Punjabi Angithi), ബിക്ക്ഗാനെ ബിരിയാണി (Bikkgane Biryani) എന്നിവയുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഭക്ഷണശാലകളുടെ ലാഭവിഹിതം ഉയർത്താനും ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫുഡ് അഗ്രിഗേറ്ററുകൾക്ക് ഓരോ ഓർഡറിലും 30 മുതൽ 40 ശതമാനം വരെ കമ്മീഷനും മറ്റ് ചെലവുകളും നൽകേണ്ടി വരുമ്പോൾ, ‘ഫാസ്റ്ററി’ലൂടെ പൂജ്യം ശതമാനം കമ്മീഷനിൽ സേവനം ലഭ്യമാകും. പ്രതിമാസം കൃത്യമായ പ്ലാറ്റ്‌ഫോം ഫീസും ഓർഡറുകൾക്ക് നിശ്ചിത ഡെലിവറി നിരക്കും മാത്രം നൽകിയാൽ മതിയെന്നതിനാൽ ഭക്ഷണശാലകൾക്ക് പ്രതിമാസം പതിനായിരക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കാൻ സാധിക്കും. കൂടാതെ ഒല, പോർട്ടർ, ഷാഡോഫാക്സ് തുടങ്ങിയ മൂന്നാം കക്ഷി ഡെലിവറി നെറ്റ്‌വർക്കുകൾ വഴിയാണ് ഷിപ്പ്റോക്കറ്റ് ക്വിക്ക് ഭക്ഷണമെത്തിക്കുന്നത്.

ഉപഭോക്താക്കളുടെ ഡാറ്റ കൃത്യമായി വിശകലനം ചെയ്ത് വീണ്ടും ഓർഡറുകൾ നേടാനും, വാട്ട്‌സ്ആപ്പ് മാർക്കറ്റിംഗ്, ഫലപ്രദമായ ഓഫറുകൾ എന്നിവ വഴി ബിസിനസ് വർദ്ധിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. അഗ്രിഗേറ്റർ ആപ്പുകളെ മാത്രം ആശ്രയിക്കാതെ സ്വന്തം ഡിജിറ്റൽ ചാനലുകൾ വഴി വിപണി പിടിക്കാൻ റെസ്റ്റോറന്റുകളെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷിപ്പ്റോക്കറ്റ് സി.ഇ.ഒ ഗൗരവ് മംഗ്ല വ്യക്തമാക്കി. വരുംദിവസങ്ങളിൽ ക്വിക്ക് സർവീസ് റെസ്റ്റോറന്റുകൾ, ക്ലൗഡ് കിച്ചണുകൾ, ബേക്കറികൾ, പാക്കേജ്ഡ് ഫുഡ് ഉൽപ്പന്നങ്ങൾ എന്നിവയിലേക്കും ഈ സേവനം വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

Shiprocket enters the food delivery sector with its AI-powered ‘Fastrr’ platform, offering a zero-commission direct-ordering model to help restaurants reduce operational costs

Share.
Leave A Reply

Exit mobile version