ടാറ്റ സൺസിന്റെ ഓഹരി വിപണി ലിസ്റ്റിംഗുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ, ടാറ്റ ഗ്രൂപ്പിന്റെ ഭരണമാതൃകയും മൂല്യങ്ങളും ദീർഘകാല കാഴ്ചപ്പാടും സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രമുഖ പാഴ്സി-സൊറോസ്ട്രിയൻ സംഘടനകൾ രംഗത്ത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ‘ബോംബെ പാഴ്സി പഞ്ചായത്ത്’, ‘ഫെഡറേഷൻ ഓഫ് പാഴ്സി സൊറോസ്ട്രിയൻ അഞ്ചുമൻസ് ഓഫ് ഇന്ത്യ’ ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകളുടെ ഭാരവാഹികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഭവം വെറുമൊരു കോർപ്പറേറ്റ് അല്ലെങ്കിൽ ഓഹരി ഉടമകളുടെ തർക്കം മാത്രമല്ലെന്നും, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നിന്റെ സുസ്ഥിരതയെ ബാധിക്കുന്ന വിഷയമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ടാറ്റ സൺസിൽ 66 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റുമായി സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിലവിലെ ഉടമസ്ഥാവകാശ ഘടനയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും മുൻഗണന നൽകിക്കൊണ്ട് ദീർഘകാല ലക്ഷ്യങ്ങളോടെ മുന്നോട്ടുപോകാൻ ടാറ്റ ഗ്രൂപ്പിനെ സഹായിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു. ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് കേവലം സാങ്കേതികമോ നിയമപരമോ ആയ കാര്യമല്ലെന്നും, ഹ്രസ്വകാല വിപണി ലാഭങ്ങൾക്ക് മുൻഗണന നൽകുന്നത് ടാറ്റയുടെ പാരമ്പര്യത്തെയും സവിശേഷമായ പ്രവർത്തനരീതിയെയും ദോഷകരമായി ബാധിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
കോർപ്പറേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനി എന്ന പദവി ഒഴിവാക്കാനുള്ള ടാറ്റ സൺസിന്റെ അപേക്ഷ റിസർവ് ബാങ്ക് (RBI) തള്ളിയതോടെയാണ് കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം വീണ്ടും ഉയർന്നുവന്നത്. തുടർന്ന് ലിസ്റ്റിംഗിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ടാറ്റ സൺസ് ഡയറക്ടർ ബോർഡ് തീരുമാനിച്ചെങ്കിലും, ട്രസ്റ്റ് ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു. ബോർഡിന്റെ ഈ നീക്കം ടാറ്റ ഗ്രൂപ്പിന്റെ ആഗോള പ്രതിച്ഛായയെയും ഭരണസംവിധാനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ദേശീയ താല്പര്യം മുൻനിർത്തി വിഷയത്തിൽ ഇടപെടണമെന്ന് പാഴ്സി സംഘടനകൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
Parsi groups have written to PM Narendra Modi urging intervention to protect Tata Group’s traditional values and governance ethos amid the ongoing Tata Sons listing row.
