ഔപചാരിക എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസമില്ലാതെ ഓൺലൈനിൽ നിന്നും പഠിച്ച അറിവുകളിലൂടെയും പരീക്ഷണങ്ങളിലൂടെയും പറക്കും കാർ നിർമിച്ച് യുവാവ്. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ നിന്നുള്ള രവി തംതയാണ് 13 വർഷത്തെ പരിശ്രമത്തിനൊടുവിൽ ഇലക്ട്രിക് ഫ്ലയിംഗ് കാർ പ്രോട്ടോടൈപ്പ് നിർമ്മിച്ചത്. ‘ഹാപ്പിഡ സ്കൈനെക്സ്’ എന്ന ഒറ്റസീറ്റർ വാഹനം ഓഗസ്റ്റിലാണ് വിജയകരമായി പരീക്ഷണ പറക്കൽ നടത്തിയത്.
മലയോര മേഖലകളിലെ യാത്രാബുദ്ധിമുട്ടുകളാണ് ബിഎ ബിരുദധാരിയായ രവിക്ക് വ്യോമയാന മേഖലയിലുള്ള താല്പര്യം വളർത്തിയത്. റൺവേയുടെ സഹായമില്ലാതെ കുത്തനെ പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന രീതിയിലാണ് ഹാപ്പിഡ സ്കൈനെക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൾട്ടിറോട്ടർ ഡ്രോണുകൾക്ക് സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, നിരവധി ഇലക്ട്രിക് മോട്ടോറുകളും പ്രൊപ്പല്ലറുകളുമാണ് ഇതിൽ പ്രവർത്തിക്കുന്നത്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന പറക്കും കാറിന് ഏവിയേഷൻ ഫ്യുവലോ എഥനോളോ ആവശ്യമില്ല. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയുള്ള കുറഞ്ഞ ദൂര യാത്ര വേഗത്തിലാക്കുക, വിദൂര മേഖലകളിലും വൈദ്യശാസ്ത്ര അടിയന്തിര ഘട്ടങ്ങളിലും ഉപയോഗിക്കുക എന്നിവയാണ് ഈ പറക്കും കാർ കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ വാണിജ്യപരമായി ഉപയോഗിക്കുന്നതിന് മുമ്പ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്നുള്ള അനുമതി ഉൾപ്പെടെയുള്ളവ ആവശ്യമാണ്.
Ravi Tamta, a self-taught innovator from Uttarakhand, spent 13 years building ‘Happida Skynex’, a single-seater electric flying car designed for hilly region transport.
