മുംബൈ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന 12 അന്താരാഷ്ട്ര സർവീസുകൾ ഇൻഡിഗോ നവി മുംബൈയിലേക്ക് മാറ്റും. ബഹ്റൈൻ, റിയാദ്, ദമാം, ജിദ്ദ, മദീന, കുവൈറ്റ്, റാസൽഖൈമ, ഫുജൈറ, മസ്കറ്റ്, ധാക്ക, ജക്കാർത്ത എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്. കൂടാതെ, കാഠ്മണ്ഡുവിലേക്ക് പുതിയ സർവീസും ആരംഭിക്കും. 2027 ഫെബ്രുവരിക്കും ജൂലൈയ്ക്കുമിടയിൽ നവി മുംബൈയിൽ നിന്നുള്ള ഇൻഡിഗോയുടെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 12 ആയി ഉയരും.
എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ
എയർ ഇന്ത്യ ഗ്രൂപ്പും തങ്ങളുടെ പശ്ചിമേഷ്യൻ സർവീസുകൾ നവി മുംബൈയിലേക്ക് മാറ്റും. ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് 2026 ഡിസംബർ മുതൽ നാല് ആഭ്യന്തര സർവീസുകൾ ഇവിടെനിന്ന് ആരംഭിക്കും. തുടർന്ന് 2027 ജനുവരി മുതൽ കുവൈറ്റിലേക്കും ഒമാനിലേക്കും വിമാനങ്ങൾ സർവീസ് നടത്തും. ജിദ്ദ, റിയാദ്, ദമാം, ദോഹ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഘട്ടംഘട്ടമായി മാറ്റും. 2027-ലെ സമ്മർ സീസണോടെ ഈ പ്രക്രിയ പൂർത്തിയാകും.
യാത്രക്കാരുടെ ശേഷി 2 കോടിയായി ഉയരും
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 പുനർവികസിപ്പിക്കുന്നതോടെ പ്രതിവർഷ യാത്രാശേഷി 33 ശതമാനം വർധിച്ച് 1.5 കോടിയിൽ നിന്ന് 2 കോടിയായി ഉയരുമെന്ന് അദാനി എയർപോർട്സ് അറിയിച്ചു. ആദ്യഘട്ടത്തിൽ നവി മുംബൈയിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്ന യാത്രക്കാരിൽ 70 ശതമാനത്തോളം (ഏകദേശം 3.6 ദശലക്ഷം യാത്രക്കാർ) ഘട്ടംഘട്ടമായി മാറുന്നതോടെ, ടെർമിനൽ 1-ന്റെ പുനർനിർമാണത്തിന് ആവശ്യമായ അന്തരീക്ഷം ഒരുങ്ങും. ആദ്യഘട്ടത്തിൽ ആകെ 5 ദശലക്ഷം യാത്രക്കാരെ നവി മുംബൈയിലേക്ക് മാറ്റാനാണ് പദ്ധതി.
ടെർമിനൽ 1-ന്റെ സുരക്ഷ വർധിപ്പിക്കാനും ആധുനിക ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും പുനർവികസനം സഹായിക്കും. ഇത് യാത്രക്കാർക്ക് മികച്ച അനുഭവവും വിമാനക്കമ്പനികൾക്ക് വളർച്ചയ്ക്കുള്ള അന്തരീക്ഷവും മുംബൈയുടെ സാമ്പത്തിക പുരോഗതിക്ക് വൻ ഉണർവും നൽകും.
IndiGo and Air India Express are set to shift select domestic and international flights to Navi Mumbai International Airport starting December 2026 amid CSMIA Terminal 1 redevelopment.
