ജനപ്രതിനിധികളും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധർ ബാബുവിന്റെ എ.ഐ അവതാർ ഡിജിറ്റൽ രൂപം പുറത്തിറക്കി. ഹൈദരാബാദിൽ നടന്ന ‘ദേവ്ഫെസ്റ്റ് 2026’ (DevFest 2026) സമ്മേളന വേദിയിലാണ് മന്ത്രിയുടെ ഡിജിറ്റൽ ട്വിൻ ആയ ‘എ.ഐ മന്ത്രി’ തത്സമയം അരങ്ങേറ്റം കുറിച്ചത്.

ടെൻസർഗോ (TensorGo) കമ്പനിയുടെ ‘ഹ്യൂം എ.ഐ’ (HumAIn) പ്ലാറ്റ്ഫോം വികസിപ്പിച്ച ഈ എ.ഐ അവതാർ, സദസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെയും യുവ ഐ.ടി പ്രവർത്തകരുടെയും ചോദ്യങ്ങൾക്ക് ഇംഗ്ലീഷിലും തെലുങ്കിലും തത്സമയം മറുപടി നൽകി. തെലങ്കാന ഐ.ടി ഉപദേഷ്ടാവ് സായ് കൃഷ്ണയുടെ മേൽനോട്ടത്തിലാണ് ഇത് തയ്യാറാക്കിയത്.
പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം
പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്നും, അടുത്ത ഘട്ടത്തിൽ സാധാരണക്കാർക്ക് മന്ത്രിയുടെ എ.ഐ അവതാറുമായി നേരിട്ട് സംസാരിക്കാനും പരാതികളും നിർദേശങ്ങളും അറിയിക്കാനും സൗകര്യമൊരുക്കുമെന്നും സായ് കൃഷ്ണ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ താഴെത്തട്ടിൽ നേരിട്ടറിഞ്ഞ് ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും. ഗൂഗിൾ ഡെവലപ്പർ ഗ്രൂപ്പ് (GDG) ഹൈദരാബാദ് സംഘടിപ്പിച്ച പരിപാടിയിൽ 3,300-ലധികം ഡെവലപ്പർമാരും എഞ്ചിനീയർമാരും വിദ്യാർത്ഥികളും സ്റ്റാർട്ടപ്പ് സംരംഭകരും പങ്കെടുത്തു.
തെലങ്കാന എ.ഐ ഹബ്ബാകും: മന്ത്രി ശ്രീധർ ബാബു
തെലങ്കാനയെ ആഗോള തലത്തിൽ മുൻനിര എ.ഐ ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഡി. ശ്രീധർ ബാബു വ്യക്തമാക്കി. എ.ഐ രംഗത്തെ അടുത്ത വൻ കുതിച്ചുചാട്ടം ഏതെങ്കിലും ഒരു വിദ്യാർത്ഥിയിലൂടെയോ യുവ ഡെവലപ്പറിലൂടെയോ ആകാം സംഭവിക്കുകയെന്നും, അതിന് അനുയോജ്യമായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Telangana launches an AI Avatar of IT Minister D Sridhar Babu at DevFest 2026 in Hyderabad to enhance real-time communication and public grievance redressal in English and Telugu
