ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) ഒൻപത് ഏക്കറിൽ പുതിയ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) ഹാംഗറിന്റെ നിർമാണം ആരംഭിച്ച് എയർ ഇന്ത്യ. ഒരേസമയം ഒരു വൈഡ് ബോഡി, ഒരു നാരോ ബോഡി വിമാനങ്ങൾ വീതം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക സൗകര്യം. സ്വന്തമായി അറ്റകുറ്റപ്പണികൾ നടത്താനും വിമാനങ്ങളുടെ ഗ്രൗണ്ട് ടൈം (യാത്രാരഹിത സമയം) കുറയ്ക്കാനും എയർ ഇന്ത്യയുടെ എഞ്ചിനീയറിംഗ് ശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും.

എയർ ഇന്ത്യയുടെ ഏറ്റവും വലിയ ഹബ്ബായ ഡൽഹിയിൽ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹാംഗർ നിർമിക്കുന്നത്. എയർ ഇന്ത്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രധാനപ്പെട്ട എഞ്ചിനീയറിംഗ്, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ ഒരു കേന്ദ്രത്തിന് കീഴിൽ കൊണ്ടുവരാൻ ഇതിലൂടെ സാധിക്കും. വിമാനങ്ങളുടെ വിശ്വാസ്യതയും ലഭ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. വിമാനങ്ങളുടെ പരിശോധനകൾ, കാബിൻ അറ്റകുറ്റപ്പണികൾ, തകരാറുകൾ പരിഹരിക്കൽ എന്നിവ സ്വന്തമായി കൈകാര്യം ചെയ്യാനുള്ള എയർ ഇന്ത്യയുടെ കഴിവ് ഈ പദ്ധതിയിലൂടെ കൂടുതൽ ശക്തമാകും. അറ്റകുറ്റപ്പണി കാര്യക്ഷമമാക്കാനും യാത്രാരഹിത സമയം കുറയ്ക്കാനും ഇത് സഹായകമാകുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
Air India begins construction of a new 9-acre MRO hangar at Delhi’s Indira Gandhi International Airport to boost internal engineering capabilities and reduce aircraft ground time.
