ഇന്ത്യൻ വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനായി 2030-ഓടെ പ്രതിവർഷ ഉൽപ്പാദന ശേഷി 1.14 മില്യൺ യൂണിറ്റുകളായി ഉയർത്താൻ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) പദ്ധതിയിടുന്നു. നിലവിൽ കമ്പനിക്ക് പ്രതിവർഷം 9.94 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയാണുള്ളത്. ഇതിനുപുറമേ, വിദേശ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറച്ച് 2032-ഓടെ പ്രാദേശികമായി നിർമ്മിക്കുന്ന ഘടകങ്ങളുടെ വിഹിതം 92 ശതമാനമായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു.

ചെന്നൈയിലെ രണ്ട് പ്ലാന്റുകളാണ് കമ്പനിയുടെ ആഭ്യന്തര, കയറ്റുമതി പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമെന്നും ഇവിടെ മാത്രം പ്രതിവർഷം 8.24 ലക്ഷം യൂണിറ്റുകളുടെ നിർമ്മാണ ശേഷിയുണ്ടെന്നും കമ്പനി അറിയിച്ചു. ഇതുവരെ ഇന്ത്യയിൽ നിർമ്മിച്ച് 14 മില്യൺ വാഹനങ്ങൾ വിറ്റഴിക്കാൻ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്. ഇതിൽ 10 മില്യൺ വാഹനങ്ങൾ ആഭ്യന്തര വിപണിയിലും 4 മില്യൺ വാഹനങ്ങൾ കയറ്റുമതിയിലൂടെയുമാണ് വിറ്റഴിച്ചത്.
ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ എസ്.യു.വി (SUV), പവർട്രെയിൻ നിര വിപുലീകരിക്കാനും ഹ്യുണ്ടായ് പദ്ധതിയിടുന്നുണ്ട്. സി.എൻ.ജി, ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകൾ കൂടുതലായി വിപണിയിലെത്തിക്കും. നടപ്പ് സാമ്പത്തിക വർഷം തന്നെ വിപണിയിൽ പ്രമുഖ സ്ഥാനത്തുള്ള കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിൽ പുതിയ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.
Hyundai Motor India plans to scale up its annual production capacity to 1.14 million units by 2030 and boost local component sourcing to 92% by 2032.
