അടുത്ത അഞ്ച് വർഷത്തിനുള്ളിൽ (2026-27 മുതൽ 2030-31 വരെ) തപാൽ ശൃംഖല ആധുനികവൽക്കരിക്കാനും വളർന്നുവരുന്ന ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് വിപണിയിൽ സാന്നിധ്യം ശക്തമാക്കാനും ലക്ഷ്യമിട്ട് ഇന്ത്യ പോസ്റ്റിന് കേന്ദ്ര മന്ത്രിസഭ 1,141 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. പതിനാറാം ധനകാര്യ കമ്മീഷൻ കാലയളവിൽ നടപ്പിലാക്കുന്ന ‘പോസ്റ്റൽ ഓപ്പറേഷൻസ്’ പദ്ധതിയിലൂടെ രാജ്യത്തെ 1.65 ലക്ഷത്തോളം പോസ്റ്റ് ഓഫീസുകളെ നവീകരിക്കാനും ഗ്രാമീണ മേഖലകളിലേക്കുള്ള വിതരണ ശൃംഖല കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു. പരമ്പരാഗത കത്തിടപാടുകൾക്കപ്പുറം ലോജിസ്റ്റിക്സ്, സാമ്പത്തിക ഉൾപ്പെടുത്തൽ, ഡിജിറ്റൽ പൊതുസേവനങ്ങൾ എന്നിവയിൽ തപാൽ വകുപ്പിന്റെ പങ്ക് വിപുലീകരിക്കാനാണ് ഈ നിക്ഷേപത്തിലൂടെ ശ്രമിക്കുന്നത്.

ആറ് ഉപപദ്ധതികളിലായാണ് 1,141 കോടി രൂപ വിനിയോഗിക്കുക. ഇതിൽ ഏറ്റവും വലിയ വിഹിതമായ 575 കോടി രൂപ മെയിൽ നെറ്റ്വർക്ക് നവീകരണത്തിനും, 278 കോടി രൂപ ഇ-കൊമേഴ്സ് പാഴ്സൽ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മാറ്റിവെച്ചിട്ടുണ്ട്. അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി (APT 2.0) വഴി കേന്ദ്രീകൃത വിതരണ സംവിധാനങ്ങൾ, യന്ത്രവൽക്കരണം, 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്മാർട്ട് ലെറ്റർ ബോക്സുകൾ, പുതിയ പാഴ്സൽ ഹബ്ബുകൾ, പാഴ്സൽ പാക്കേജിംഗ് യൂണിറ്റുകൾ (PPU) എന്നിവ സജ്ജമാക്കും. ഇതിലൂടെ പാഴ്സലുകളുടെ നീക്കം വേഗത്തിലാക്കാനും വിതരണ സമയം കുറയ്ക്കാനും സാധിക്കും.
ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പൗരകേന്ദ്രീകൃത സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 120 കോടി രൂപയും ബ്രാൻഡിംഗിനും സേവന നിലവാരം ഉയർത്തുന്നതിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സ്റ്റാമ്പ് ശേഖരണത്തെ (ഫിലാറ്റലി) പ്രോത്സാഹിപ്പിക്കാൻ 60 കോടി രൂപയും അന്താരാഷ്ട്ര തപാൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എട്ട് കോടി രൂപയും അനുവദിച്ചു. ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, വികസിത ഭാരതം എന്നീ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ഈ പദ്ധതി, അതിവേഗം വളരുന്ന ഇന്ത്യൻ ലോജിസ്റ്റിക്സ് മേഖലയിൽ ഇന്ത്യ പോസ്റ്റിനെ കരുത്തുറ്റ ശക്തിയാക്കി മാറ്റും
Central Cabinet approves a ₹1,141 crore modernisation package for India Post to expand e-commerce logistics and upgrade 1.65 lakh post offices over five years.
