ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും നിർമ്മാണ മേഖലയ്ക്കും പുതിയ കുതിപ്പേകി 8 മുതൽ 10 ലക്ഷം കോടി രൂപ വരെയുള്ള വൻകിട നിക്ഷേപങ്ങൾക്ക് വഴിയൊരുങ്ങുന്നു. ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (JCCI), മിത്സുബിഷി ഉപദേശകൻ കെൻ കോബയാഷി എന്നിവരുടെ നേതൃത്വത്തിലുള്ള 32 അംഗ ഉന്നതതല ജാപ്പനീസ് വ്യവസായ സംഘം കേന്ദ്ര സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥരും നിതി ആയോഗ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഈ താല്പര്യം അറിയിച്ചത്. ഓട്ടോമൊബൈൽ, പുതിയ ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ, നിർമ്മാണ മേഖല എന്നിവയിലാകും പ്രധാനമായും നിക്ഷേപം.

പദ്ധതികൾക്ക് വേഗത്തിലുള്ള അനുമതി, നികുതി വ്യവസ്ഥകളിലെ സ്ഥിരത, വിദഗ്ധ തൊഴിൽ സേന എന്നിവയാണ് ജാപ്പനീസ് സംഘം പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യങ്ങൾ. ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി ഹൈസ്പീഡ് റെയിൽ കോറിഡോറുകളിൽ നിക്ഷേപം നടത്താൻ മിത്സുബിഷി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ക്വാർട്ടറിൽ (Q1 FY27) ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) 5.71 ബില്യൺ ഡോളറുമായി ഒന്നാമതെത്തിയ ജപ്പാൻ, ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കാനുള്ള നീക്കത്തിലാണ്.
A high-level Japanese delegation expresses interest in investing ₹8-10 lakh crore in India’s infrastructure, manufacturing, and high-speed rail corridor projects.
