രാജ്യത്തെ പ്രമുഖ വ്യവസായ ഭീമന്മാരായ ടാറ്റ ഗ്രൂപ്പും അദാനി ഗ്രൂപ്പും വ്യോമയാന-ഹോസ്പിറ്റാലിറ്റി മേഖലകളിൽ കൈകോർക്കുന്നു. ടാറ്റയുടെ കീഴിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡും (IHCL) അദാനി എയർപോർട്ട് ഹോൾഡിങ്സും (AAHL) തമ്മിൽ മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ഗുവാഹത്തി എന്നീ നാല് പ്രധാന വിമാനത്താവള നഗരങ്ങളിലായി എട്ട് ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനുള്ള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം 2,000-ത്തിലധികം മുറികളുള്ള ഈ ഹോട്ടലുകൾ അദാനി ഗ്രൂപ്പ് വികസിപ്പിക്കുകയും അവയുടെ നടത്തിപ്പും മേൽനോട്ടവും IHCL നിർവഹിക്കുകയും ചെയ്യും. താജ്, വിവാന്ത, ഗേറ്റ്വേ, ജിഞ്ചർ എന്നീ പ്രമുഖ ബ്രാൻഡുകൾക്ക് കീഴിലാണ് ഈ ഹോട്ടലുകൾ പ്രവർത്തിക്കുക.

ഇന്ത്യയിലെ അതിവേഗം വളരുന്ന വിമാനത്താവള കേന്ദ്രീകൃത അടിസ്ഥാന സൗകര്യ വികസനത്തിന് (Airport Cities) പുതിയ പങ്കാളിത്തം കരുത്തുപകരുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. വ്യോമയാന മേഖലയിലുണ്ടാകുന്ന വൻ മുന്നേറ്റവും യാത്രാക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും മുന്നിൽക്കണ്ടാണ് മൾട്ടി-ബ്രാൻഡ് ഹോട്ടൽ ശൃംഖല വിപുലീകരിക്കുന്നത്. ആദ്യഘട്ടത്തിൽ അദാനി എയർപോർട്ട് സിറ്റി വിവിധ വിമാനത്താവള നഗരങ്ങളുടെ വികസനത്തിനായി 20,000 കോടി രൂപയിലധികം നിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്. പുതിയ എട്ട് ഹോട്ടലുകൾ കൂടി നിലവിൽ വരുന്നതോടെ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിൽ IHCL-ന് കീഴിലുള്ള ഹോട്ടലുകളുടെ എണ്ണം 25 ആയി ഉയരും.
