വൈദ്യുതിയോ ബാറ്ററിയോ ഐസോ ഉപയോഗിക്കാതെ വാക്സിനുകളും ജീവൻ രക്ഷാ മരുന്നുകളും തണുപ്പിച്ച് സൂക്ഷിക്കാവുന്ന ഉപകരണവുമായി മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ. ഇൻഡോർ സ്വദേശികളായ ധ്രുവ് ചൗധരി, മിത്രൻ ലധാനിയ, മൃദുൽ ജെയിൻ എന്നിവർ ചേർന്ന് വികസിപ്പിച്ച ‘തെർമാവോൾട്ട്’ (Thermavault) എന്ന ഉപകരണമാണ് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. ഈ കണ്ടുപിടുത്തത്തിന് 2025-ലെ എർത്ത് പ്രൈസിന്റെ ഏഷ്യ വിഭാഗത്തിലെ പുരസ്കാരവും 12,500 ഡോളർ (ഏകദേശം 10 ലക്ഷത്തിലേറെ രൂപ) ധനസഹായവും സംഘത്തിന് ലഭിച്ചു.

ചില പ്രത്യേക ലവണങ്ങൾ വെള്ളത്തിൽ ലയിക്കുമ്പോൾ ചുറ്റുമുള്ള താപനില വേഗത്തിൽ ആഗിരണം ചെയ്യുന്ന ശാസ്ത്ര തത്വമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അമൊണിയം ക്ലോറൈഡ്, ബാരിയം ഹൈഡ്രോക്സൈഡ് എന്നീ രാസവസ്തുക്കൾ വെള്ളത്തിൽ കലർത്തിയാണ് 2 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് നിലനിർത്തുന്നത്. ദ്രാവകം ചൂടാകുമ്പോൾ വെള്ളം വറ്റിച്ചു കളഞ്ഞ് ഉപ്പ് വീണ്ടും ശേഖരിച്ച് പുനരുപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഗ്രാമീണ മേഖലകളിൽ വാക്സിനുകൾ കേടുപാടുകൂടാതെ എത്തിക്കാൻ ഈ ഉപകരണം ഏറെ സഹായകരമാകും. സമ്മാനത്തുക ഉപയോഗിച്ച് 200 തെർമാവോൾട്ട് യൂണിറ്റുകൾ നിർമിച്ച് 120 ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യാനാണ് വിദ്യാർത്ഥികളുടെ തീരുമാനം
Three Indian teenagers invented Thermavault, an electricity-free cooling device using salt and water to store vaccines in off-grid areas, winning the Earth Prize Asia.
