ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമായി ‘ഊബർ പ്രഗതി’യുടെ മൂന്നാം പതിപ്പിലൂടെ അത്യാധുനിക സേവനങ്ങൾ അവതരിപ്പിച്ച് ഊബർ. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം ലഭിക്കുന്ന സംവിധാനം, ആപ്പിനുള്ളിൽ എൻക്രിപ്റ്റ് ചെയ്ത വീഡിയോ റെക്കോർഡിങ്, 6 മണിക്കൂർ മുതൽ 180 ദിവസം വരെ കാലാവധിയുള്ള ഫ്ലെക്സിബിൾ സബ്സ്ക്രിപ്ഷൻ പാസുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. വാട്ട്സ്ആപ്പ് വഴിയുള്ള എളുപ്പത്തിലുള്ള രജിസ്ട്രേഷനും യാത്രക്കാരുമായി ശബ്ദസന്ദേശങ്ങൾ വഴി സംസാരിക്കാനുള്ള സൗകര്യവും ഊബർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവർമാർക്ക് തടസ്സമില്ലാതെ സേവനം നൽകുന്നതിനായി ‘ഏൺ ഫസ്റ്റ്, പേ ലേറ്റർ’ (Earn First, Pay Later) സൗകര്യവും ഊബർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അക്കൗണ്ട് ബാലൻസ് കുറവാണെങ്കിലും ഡ്രൈവർമാർക്ക് ക്യാഷ് ട്രിപ്പുകൾ തുടരാനാകും. റൈഡർമാർ അയക്കുന്ന അനുചിതമായ സന്ദേശങ്ങൾ തത്സമയം തിരിച്ചറിയുന്ന ‘സേഫ്റ്റി കണ്ടന്റ് ഫ്ലാഗ്’ ഫീച്ചറും സുരക്ഷയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഡ്രൈവർമാർക്ക് ക്യാൻസലേഷൻ റേറ്റിങ്ങിനെ ബാധിക്കാതെ തന്നെ യാത്രകൾ റദ്ദാക്കാം. ആംബുലൻസ് സഹായത്തിനായി ‘ഡയൽ 4242’ (Dial 4242) യുമായി സഹകരിച്ച് 24/7 സുരക്ഷാ ലൈനും കമ്പനി സജ്ജമാക്കിയിട്ടുണ്ട്.
സാധാരണ ട്രിപ്പുകൾക്ക് പുറമേ ഡ്രൈവർമാരുടെ വരുമാനം വർധിപ്പിക്കുന്നതിനായി പുതിയ സേവനങ്ങളും ഊബർ വിപുലീകരിച്ചു. ഇരുചക്ര വാഹന ഡ്രൈവർമാർക്കായി സമീപ നഗരങ്ങളിലേക്ക് സർവീസ് നടത്താൻ ‘ബൈക്ക് ഇന്റർസിറ്റി’, ബിസിനസ് ഡെലിവറികൾക്കായി ‘ഊബർ ഡയറക്ട്’, വ്യക്തിഗത പാഴ്സലുകൾക്കായി ‘ഊബർ പാഴ്സൽ’ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി ‘ഊബർ പെറ്റ്’ സൗകര്യവും കാർ ഡ്രൈവർമാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഡ്രൈവർമാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മികച്ച വരുമാന സാധ്യതകൾ നൽകുകയാണ് ഈ ഫീച്ചറുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഊബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ സപ്ലൈ ഓപ്പറേഷൻസ് ഡയറക്ടർ ആദിത്യ കപൂർ വ്യക്തമാക്കി
Uber expands driver earning options and safety tools in India under Uber Pragati, introducing in-app video recording, emergency ambulance support, and flexible passes.

