വിമാന ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് കൂടുതൽ അധികാരം നൽകുന്ന പുതിയ വ്യോമയാന ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. അസാധാരണ സാഹചര്യങ്ങളിൽ പൊതുതാൽപര്യം മുൻനിർത്തി ടിക്കറ്റ് നിരക്കുകളിൽ താൽക്കാലികമായി ഇടപെടാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് പുതിയ സംവിധാനം. 2027 ജനുവരി ഒന്നുമുതൽ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.

വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നതിനെക്കുറിച്ചുള്ള പരാതികളും യാത്രക്കാരുടെ ആശങ്കകളും ശക്തമാകുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടി. കേന്ദ്ര വ്യോമയാന മന്ത്രാലയം വിജ്ഞാപനം ചെയ്ത ഭാരതീയ വായുയാൻ നിയമം 2026 (Bharatiya Vayuyan Niyam, 2026) പ്രകാരം, പ്രത്യേക സാഹചര്യങ്ങളിൽ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടാകും.ഒക്ടോബർ 31ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ചട്ടങ്ങൾ അടുത്ത വർഷം ജനുവരി ഒന്നുമുതൽ നിലവിൽ വരും.
പുതിയ ചട്ടങ്ങളിലെ റൂൾ 192 പ്രകാരം, അസാധാരണമായ സാഹചര്യം രൂപപ്പെടുകയും പൊതുതാൽപര്യത്തിനായി ഇടപെടൽ അനിവാര്യമാണെന്ന് കേന്ദ്രസർക്കാരിന് ബോധ്യപ്പെടുകയും ചെയ്താൽ വിമാനക്കമ്പനികൾക്ക് രേഖാമൂലം നിർദേശങ്ങൾ നൽകാം.
എന്നാൽ ഈ അധികാരം എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാനാവില്ല. ഇടപെടൽ സാഹചര്യത്തിന് ആനുപാതികമായിരിക്കണം. നിർദേശങ്ങൾ നിശ്ചിത കാലയളവിലേക്ക് മാത്രമേ ബാധകമാകൂ.
അതായത്, വിമാന ടിക്കറ്റ് നിരക്ക് അമിതമായി ഉയരുന്ന പ്രത്യേക സാഹചര്യങ്ങളിൽ സർക്കാർ ഇടപെടാനുള്ള സംവിധാനമാണ് പുതിയ ചട്ടം ഒരുക്കുന്നത്.പുതിയ ചട്ടങ്ങൾ വിമാന ടിക്കറ്റ് നിരക്കിന് സ്ഥിരമായ പരമാവധി പരിധി നിശ്ചയിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.സാധാരണ സാഹചര്യങ്ങളിൽ വിമാനക്കമ്പനികൾക്ക് വിപണിയിലെ ആവശ്യകത, പ്രവർത്തനച്ചെലവ്, ഇന്ധനവില, ബുക്കിങ് സമയം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് നിരക്ക് നിശ്ചയിക്കാം.
ഓരോ ടിക്കറ്റ് നിരക്കും പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങേണ്ടതുമില്ല.1994 മുതൽ ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കുകൾ വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് നിശ്ചയിക്കുന്ന സംവിധാനമാണ് നിലനിൽക്കുന്നത്. പുതിയ ചട്ടങ്ങൾ ഈ സംവിധാനം പൂർണമായി മാറ്റുന്നില്ല. പകരം, അസാധാരണ സാഹചര്യങ്ങളിൽ സർക്കാർ ഇടപെടുന്നതിനുള്ള പ്രത്യേക അധികാരമാണ് നൽകുന്നത്.
വിമാനയാത്രക്കാർക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കുന്ന വ്യവസ്ഥകളും പുതിയ ചട്ടങ്ങളിലുണ്ട്.ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തും ടിക്കറ്റിലും യാത്രക്കാരൻ അടയ്ക്കേണ്ട ആകെ തുക വ്യക്തമായി കാണിക്കണം. ഇതിനൊപ്പം അടിസ്ഥാന ടിക്കറ്റ് നിരക്ക്, സർക്കാർ നികുതികൾ, വിമാനക്കമ്പനി ഈടാക്കുന്ന ഫീസുകൾ, മറ്റ് അധിക ചാർജുകൾ എന്നിവ പ്രത്യേകം വ്യക്തമാക്കണം.ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുകയും പണം തിരികെ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും വെളിപ്പെടുത്തണം.സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയും വിമാനക്കമ്പനി സേവനങ്ങൾക്കായി ഈടാക്കുന്ന ഫീസും തമ്മിലുള്ള വ്യത്യാസവും യാത്രക്കാർക്ക് തിരിച്ചറിയാൻ സാധിക്കണം. ഇതിലൂടെ ടിക്കറ്റിന്റെ യഥാർഥ നിരക്കും അധികമായി ഈടാക്കുന്ന തുകയും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
The Central Government notifies new aviation rules empowering it to intervene in airline ticket prices during exceptional circumstances starting January 1, 2027.
