കേരളത്തിന്റെ ലക്ഷ്യം 350 പാലങ്ങളും 15,000 കിലോമീറ്റർ ബി.എം.ബി.സി. റോഡുകളും. സംസ്ഥാനത്തെ റോഡ്-പാലം അടിസ്ഥാന സൗകര്യങ്ങൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ സമഗ്ര വികസന പദ്ധതികളുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തി. ഈ ഭരണകാലത്ത് 350 പാലങ്ങൾ നിർമിക്കുകയും 15,000 കിലോമീറ്റർ റോഡുകൾ ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്തുകയുമാണ് ലക്ഷ്യം. ആറു മാസത്തിനിടെ 2,000 കോടി രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു . സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകൾ, ബൈപ്പാസുകൾ, ഫ്ലൈ ഓവറുകൾ എന്നിവയുടെ വികസനത്തിനായി സമഗ്ര പാക്കേജ് തയ്യാറാക്കും.

“കേരളത്തിന്റെ റോഡ്-പാലം മേഖലയെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വികസനത്തിന് പണം ഒരു തടസ്സമാകില്ല. ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന. പദ്ധതികൾക്ക് ആവശ്യമായ അനുമതിയും സാമ്പത്തിക പിന്തുണയും ഉറപ്പാക്കി നിർമാണം വേഗത്തിലാക്കും” എന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകൾ, ബൈപ്പാസുകൾ, ഫ്ലൈ ഓവറുകൾ എന്നിവയുടെ വികസനത്തിനായി സമഗ്ര പാക്കേജ് തയ്യാറാക്കും. ഷാജഹാൻ ഐ.എ.എസ്. അധ്യക്ഷനായ സമിതിയുടെ പഠനറിപ്പോർട്ട് ലഭിച്ചശേഷം മുൻഗണന നിശ്ചയിച്ച് പദ്ധതികൾ നടപ്പാക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ ജംഗ്ഷനുകളുടെ വികസനത്തിനും പുതിയ ബൈപ്പാസുകൾ, ഫ്ലൈ ഓവറുകൾ എന്നിവയുടെ നിർമാണത്തിനും പ്രത്യേക പരിഗണന നൽകും. തെരഞ്ഞെടുത്ത നഗരങ്ങളെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി എം.എൽ.എമാരുടെ യോഗം ചേർന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും തേടിയിട്ടുണ്ട്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് 90 റോഡ് പ്രവൃത്തികൾക്ക് 551.50 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ 126 റോഡ് പ്രവൃത്തികൾക്ക് 260.28 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഇവയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ശബരിമല പദ്ധതിയിൽ ഉൾപ്പെട്ട 11 റോഡ് പ്രവൃത്തികൾക്കായി 29.95 കോടി രൂപയുടെയും ബജറ്റിൽ ഉൾപ്പെടുത്തിയ 136 റോഡ് പ്രവൃത്തികൾക്കായി 338.46 കോടി രൂപയുടെയും എസ്റ്റിമേറ്റുകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മികച്ച പ്രവൃത്തിപരിചയവും സാങ്കേതികശേഷിയുമുള്ള കരാറുകാർക്ക് കൂടുതൽ അവസരങ്ങൾ നൽകും. ഇതിലൂടെ നിർമാണമേഖലയിൽ കൂടുതൽ സജീവതയുണ്ടാക്കാനും പദ്ധതികളുടെ നിർവഹണവേഗം വർധിപ്പിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. സർക്കാർ അധികാരത്തിലെത്തിയശേഷം ടെൻഡറുകളിൽ പങ്കെടുക്കുന്ന കരാറുകാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.
Kerala PWD approves ₹2,000 crore for road and bridge development, aiming for 350 bridges and 15,000 km of BMBC roads alongside key junction upgrades.
