മധുര റിങ് റോഡ് പ്രോജക്ടിന്റെ ഭാഗമായ വാഡിപ്പട്ടിക്കും താമരപ്പട്ടിക്കും ഇടയിലുള്ള 30 കിലോമീറ്റർ വരുന്ന നാലുവരി പാതയിൽ (NH 744A) എൻ.എച്ച്.എ.ഐ പുതിയ വൈൽഡ് ലൈഫ് ഓവർപാസ് പൂർത്തിയാക്കി. ഏകദേശം 40 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് ഈ ഓവർപാസ് നിർമിച്ചിരിക്കുന്നത്. പാതയ്ക്ക് അടിയിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വന്യമൃഗങ്ങൾക്ക് മുകളിലെ മേൽപ്പാലം വഴി വനാതിർത്തികൾ മുറിച്ചുകടക്കാം.

കാട്ടുപോത്ത്, പുള്ളിമാൻ, കാട്ടുപന്നി, ഇന്ത്യൻ മുയലുകൾ തുടങ്ങിയ ജീവികളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വനമേഖലയെ വിഭജിച്ച് നിർമിച്ച ദേശീയപാതയിൽ വന്യജീവികൾ വാഹനങ്ങളിടിച്ച് അപകടത്തിൽപ്പെടുന്നത് തടയാനും പരിസ്ഥിതി സന്തുലനം നിലനിർത്താനും ഇത്തരത്തിലുള്ള പ്രകൃതിസൗഹൃദ പാലങ്ങൾ (Eco-ducts) ഏറെ സഹായകരമാകുമെന്നാണ് എൻ.എച്ച്.എ.ഐ വ്യക്തമാക്കുന്നത്.
National Highways Authority of India (NHAI) constructs a wildlife overpass on the Madurai ring road to ensure safe crossing for animals between forest areas.
